വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം; കെ.എസ്.യു മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: കെ.എസ്.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. മാർച്ച് തടഞ്ഞ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ബാരിക്കേഡുകൾ നീക്കാൻശ്രമിച്ചതോടെ പോലീസ് മൂന്നുവതവണ ജലപീരങ്കി പ്രയോഗിച്ചു.

നേരത്തെ യൂണിവേഴ്സിറ്റി കോളേജിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നായിരുന്നു കെ.എസ്.യു അറിയിച്ചിരുന്നത്. എന്നാൽ അവസാനനിമിഷം സെക്രട്ടറിയേറ്റിന്റെ നോർത്ത് ഗേറ്റിലേക്കാണ് മാർച്ച് നടത്തിയത്. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ കുറ്റക്കാരായ എസ്എഫ്ഐ പ്രവർത്തകർക്കെതിരേ കർശന നടപടി വേണമെന്നാണ് കെ.എസ്.യുവിന്റെ ആവശ്യം.

ബുധനാഴ്ച രാത്രി യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലാണ് എം.എ. വിദ്യാർഥിയും കെഎസ്യു പ്രവർത്തകനുമായ നിതിൻ രാജിനെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്. ഏട്ടപ്പൻ മഹേഷ് എന്ന എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു മർദനം. നിതിന്റെ സുഹൃത്തായ സുദേവിനെയും ഇവർ മർദ്ദനമേറ്റിരുന്നു. ആക്രമണത്തിൽ നിതിന്റെ ഇടതുകൈയിലും മുഖത്തും സാരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ ഏട്ടപ്പൻ മഹേഷ് നിതിനെയും സുഹൃത്തിനെയും ഹോസ്റ്റൽ മുറിയിൽ കയറി ഭീഷണിപ്പെടുത്ത ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Top