മദ്യപിച്ച് വഴക്ക് പതിവ്; സഹപാഠിയുടെ അച്ഛനെ വെട്ടിപരിക്കേല്‍പ്പിച്ച് പ്ലസ്ടു വിദ്യാര്‍ഥികള്‍

കണ്ണൂര്‍: മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ അച്ഛനെ വിദ്യാര്‍ഥിനിയുടെ സഹപാഠികള്‍ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. കൈകള്‍ക്കും കാലിനും വെട്ടേറ്റ അച്ഛനെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികളെ ചക്കരക്കല്ല് പോലീസ് കസ്റ്റഡിയിലെടുത്തു.

പ്ലസ്ടു വിദ്യാര്‍ഥിനിയുടെ അച്ഛന്‍ സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് സഹപാഠികളായ വിദ്യാര്‍ഥികള്‍ അറിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ പെണ്‍കുട്ടിയുടെ അച്ഛനെ താക്കീത് ചെയ്തു. ഇനി മദ്യപിച്ചെത്തി വഴക്കുണ്ടാക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥികളുടെ താക്കീതിന് പിന്നാലെ പെണ്‍കുട്ടിയുടെ അച്ഛന്‍ വീണ്ടും മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് തുടര്‍ന്നു. ഇതോടെയാണ് പ്ലസ്ടു വിദ്യാര്‍ഥികള്‍ ഇയാളെ വെട്ടിപരിക്കേല്‍പ്പിച്ചത്. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ വീടിന് സമീപം പതിയിരുന്നായിരുന്നു വിദ്യാര്‍ഥികളുടെ ആക്രമണം.

അതേസമയം, സഹപാഠികളായ വിദ്യാര്‍ഥികളുമായുള്ള സൗഹൃദത്തെച്ചൊല്ലി വിദ്യാര്‍ഥിനിയുടെ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായും വിവരങ്ങളുണ്ട്. ഈ വിദ്യാര്‍ഥികളുമായുള്ള സൗഹൃദത്തെ അച്ഛന്‍ എതിര്‍ത്തിരുന്നതായാണ് വിവരം.

Top