വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രവാസികള്‍ക്കായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കായുള്ള രജിസ്‌ട്രേഷന്‍ വിദേശകാര്യമന്ത്രാലയം ആരംഭിച്ചു. എംബസികള്‍ മുഖേനയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. വിമാന സര്‍വീസിന്റെ കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

മടങ്ങേണ്ട ഇന്ത്യക്കാരുടെ വിവരം ശേഖരിക്കാനാണ് രജിസ്‌ട്രേഷന്‍. അതേസമയം രാജ്യത്തിനകത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകുമെന്നാണ് അറിയിപ്പ്. രാജ്‌നാഥ്‌സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി ഇന്നോ നാളോയോ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലിയിരുത്തും. ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കത്തിന് അനുമതി നല്‍കി ഇന്നലെ കേന്ദ്രം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം ലോക്ക്ഡൗണ്‍ നീളുമെന്ന സൂചനയാണ്.

വിദേശത്ത് കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്നതിലും, പ്രവാസികളുടെ മടക്കത്തിലും കേന്ദ്ര തീരുമാനവും ഇതോടൊപ്പം ഉണ്ടാവുമോ എന്ന് വ്യക്തമല്ല. പരിശോധന കിറ്റുകള്‍ ചൈനയിലേക്ക് തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം, രോഗനിര്‍ണ്ണയത്തില്‍ പ്രതിസന്ധിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് പരിശോധനക്ക് ഐസിഎംആര്‍ കൂടുതല്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുന്ന ഘട്ടത്തിലാണ് കിറ്റുകള്‍ തിരിച്ചയക്കുന്നത്.

Top