ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് മക്ഗില്ലിനെ തട്ടിക്കൊണ്ട് പോയ സംഭവം; 4 പേര്‍ പിടിയില്‍

മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് മക്ഗില്ലിനെ  തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ നടത്തിയ റെയ്ഡില്‍ സിഡ്‌നിയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ പതിനാലിനാണ് പടിഞ്ഞാറന്‍ സിഡ്‌നിയിലെ ബ്രിഗ്‌ലിയില്‍ വെച്ച് മക്ഗില്ലിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

മക്ഗില്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തിയായിരുന്നു തട്ടിക്കൊണ്ടുപോകല്‍. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം അദ്ദേഹത്തെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. വിട്ടയക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം മക്ഗില്ലിനെ മര്‍ദ്ദിച്ചു. എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം താരത്തെ വിട്ടയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പൊലീസ് വലയിലാക്കിയത്. സംഭവത്തില്‍ ദുരൂഹതകളുള്ളതിനാല്‍ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം മക്ഗില്ലിനെയും പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.

 

Top