സ്റ്റുവര്‍ട്ട് പിയേഴ്‌സ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകനാവാന്‍ സാധ്യത

കോഴിക്കോട്: പ്രതിരോധ താരമായിരുന്ന സ്റ്റുവര്‍ട്ട് പിയേഴ്‌സ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ പരിശീലകനാവാന്‍ സാധ്യത.

സ്റ്റീവ് കോപ്പലിന് പകരക്കാരാനായി നോട്ടിങ്ങാമിന്റെ ഈ മുന്‍ പ്രതിരോധ താരം എത്തുമെന്നാണ് സൂചന. ഇക്കാര്യം വ്യക്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായിരുന്ന മൈക്കല്‍ ചോപ്ര ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇംഗ്ലണ്ടിനായി 78 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പിയേഴ്‌സ് മികച്ച പ്രതിരോധ താരമായിരുന്നു. നോട്ടിങ്ങാം ഫോറസ്റ്റ്, ന്യൂകാസില്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ക്ലബ്ബുകള്‍ക്കായി പിയേഴ്‌സ് പ്രതിരോധം കാത്തിട്ടുണ്ട്.

ഫാബിയൊ കപ്പെല്ലോയ്ക്ക് കീഴില്‍ ഇംഗ്ലണ്ട് സീനിയര്‍ ടീമിന്റെ സഹപരിശീലകനായും പിയേഴ്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട്, കപ്പെല്ലോ രാജിവെച്ച ശേഷം ഇംഗ്ലണ്ടിനെ ഒരു ടീമില്‍ പിയേഴ്‌സ് പരിശീലിപ്പിച്ചു. ഇംഗ്ലണ്ട് ടീം ആ മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു.

പിയേഴ്‌സ് 2005ന്റെയും 2007ന്റെയും ഇടയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായിരുന്നു. മാഞ്ചസ്റ്ററിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പിയേഴ്‌സിനെ മാനേജ്‌മെന്റ് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ട് അണ്ടര്‍21 പരിശീലകനായ പിയേഴ്‌സ് 2009ല്‍ ഇംഗ്ലണ്ടിനെ യുവേഫ അണ്ടര്‍21 ഫൈനലിലെത്തിച്ചു.

അവസാനം നോട്ടിങ്ങാമിനെയാണ് പിയേഴ്‌സ് പരിശീലിപ്പിച്ചത്. ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ്പിലെ നിരാശാജനകമായ പ്രകടനത്തെ തുടര്‍ന്ന് പിയേഴ്‌സിനെ നോട്ടിങ്ങാം പുറത്താക്കി.

പ്രതിരോധത്തിലെ മികവിനെ തുടര്‍ന്ന് സൈക്കെ എന്ന പേരിലാണ് പിയേഴ്‌സ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരും സൈക്കോ എന്നുതന്നെയാണ്.

Top