വിരാട് കോഹ്ലിക്ക് ട്വന്റി20 ടൂര്‍ണമെന്റ് നഷ്ടമാകുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് സ്റ്റുവര്‍ട്ട് ബ്രോഡ്

ഡല്‍ഹി: ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്ക് ട്വന്റി20 ലോകകപ്പ് ടൂര്‍ണമെന്റ് നഷ്ടമാകുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുന്‍ ഇംഗ്ലണ്ട് പേസ് ഇതിഹാസം സ്റ്റുവര്‍ട്ട് ബ്രോഡ്. കഴിഞ്ഞ ദിവസമാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ കോഹ്ലിയെ ഉള്‍പ്പെടുത്താനിടയില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമാകാനിടയില്ലെന്നാണ് ബ്രോഡ് പറയുന്നത്.

2022ലെ ട്വന്റി 20 ലോകകപ്പിന് ശേഷം രോഹിത്, കോഹ്ലി എന്നിവരെ കുട്ടിക്രിക്കറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2024 ജനുവരിയിലാണ് ഇരുതാരങ്ങളും ട്വന്റി 20 ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. ഏകദിന ലോകകപ്പിലെ ആക്രമണ ബാറ്റിംഗ് വഴി ട്വന്റി 20 ക്രിക്കറ്റിന് താന്‍ അനുയോജ്യനെന്ന് രോഹിത് തെളിയിച്ചിരുന്നു. എന്നാല്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ കോഹ്ലി ക്രീസില്‍ സമയം ചിലവഴിച്ച് ടീമിനെ മികച്ച സ്‌കോറിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്. ഇത്തരമൊരു താരത്തെ ട്വന്റി 20 ക്രിക്കറ്റില്‍ ആവശ്യമില്ലെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍.ഒരു താരത്തിന് മൂന്ന് ഫോര്‍മാറ്റുകള്‍ മാറി മാറി കളിക്കുന്നത് ബുദ്ധിമുട്ടാണ്. കോഹ്ലിക്ക് പകരക്കാരായി സ്പെഷ്യലിസ്റ്റുകളായ നിരവധി യുവതാരങ്ങള്‍ ഉണ്ടെന്നതും ബിസിസിഐയെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിക്കുന്നു. എന്തായാലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17-ാം പതിപ്പ് വിരാട് കോഹ്ലിക്ക് നിര്‍ണായകമാകുമെന്ന് ഉറപ്പാണ്.

‘ഈ വാര്‍ത്തകള്‍ സത്യമായിരിക്കില്ല. ഒരു ആരാധകന്റെ കാഴ്ചപ്പാടില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് ഐസിസി ലോകകപ്പ് മത്സരങ്ങള്‍ അമേരിക്കയില്‍ നടത്തുന്നത്. ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കുന്നത് ന്യൂയോര്‍ക്കിലാണ്. ഇന്ത്യയുടെ മത്സരങ്ങളിലെ പ്രധാന ശ്രദ്ധാകേന്ദ്രം തന്നെ വിരാട് കോഹ്ലിയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്’, ബ്രോഡ് എക്സില്‍ കുറിച്ചു.വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനിന്ന കോഹ്ലി ഐപിഎല്ലില്‍ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് താരം ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകില്ലെന്ന വാര്‍ത്തകള്‍ വന്നത്. ട്വന്റി 20 ലോകകപ്പില്‍ രോഹിത് ശര്‍മ്മയുണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വിരാട് കോഹ്ലി ഈ ടീമില്‍ കളിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്.

Top