ഐസിസി റാങ്കിങ്ങില്‍ മികച്ച മുന്നേറ്റവുമായി സ്റ്റുവര്‍ട്ട് ബ്രോഡ്; അഭിനന്ദനവുമായി യുവരാജ് സിങ്

.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ മികച്ച മുന്നേറ്റവുമായി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ വീഴ്ത്തുകയെന്ന ചരിത്ര നേട്ടമാണ് സ്റ്റുവര്‍ട്ട് സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ സ്റ്റുവര്‍ട്ട് ബ്രോഡ് 7 സ്ഥാനങ്ങള്‍ കയറി മൂന്നാം സ്ഥാനത്ത് എത്തി.

നിലവില്‍ 904 റേറ്റിംഗ് പോയിന്റുമായി ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സ് ആണ് ടെസ്റ്റ് ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 843 റേറ്റിംഗ് പോയിന്റുമായി ന്യൂസിലാന്‍ഡ് ബൗളര്‍ നീല്‍ വാഗ്‌നറാണ് രണ്ടാം സ്ഥാനത്ത്. 823 റേറ്റിംഗ് പോയിന്റുമായാണ് സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നാം സ്ഥാനത്ത് എത്തിയത്.

ഇംഗ്ലീഷ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ അഭിനന്ദിച്ച് യുവരാജ് സിങ് രംഗത്തെത്തിയിരിക്കുകയാണ്. കരിയറിന്റെ തുടക്ക കാലത്ത് യുവരാജിന്റെ കൈക്കരുത്ത് നന്നായി അറിഞ്ഞിട്ടുള്ള ബൗളറാണ് ബ്രോഡ്.

മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ അഞ്ചാം ദിനം വെസ്റ്റ് ഇന്‍ഡീസിന്റെ ക്രെയ്ഗ് ബ്രാത് വെയ്റ്റിനെ പുറത്താക്കിയാണ് 34 വയസ്സുകാരനായ ബ്രോഡ് 500 വിക്കറ്റ് തികച്ചത്. ഇംഗ്ലീഷ് ബൗളറുടെ കഠിനാദ്ധ്വാനത്തേയും നേട്ടത്തേയും അഭിനന്ദിക്കാന്‍ യുവരാജ് ട്വിറ്ററിലൂടെ തന്റെ ആരാധകരോട് ആവശ്യപ്പെട്ടു.

‘ഞാന്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ കുറിച്ച് എപ്പോള്‍ എഴുതിയാലും ആളുകള്‍ അതിനെ ആറ് സിക്സുകള്‍ വഴങ്ങിയതുമായി താരതമ്യപ്പെടുത്തും. അദ്ദേഹത്തിന്റെ നേട്ടത്തിന് കൈയടി നല്‍കാന്‍ ഞാന്‍ എന്റെ ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നു. 500 ടെസ്റ്റ് വിക്കറ്റുകള്‍ എന്നതൊരു തമാശയല്ല. അതിന് കഠിനാധ്വാനവും ആത്മസമര്‍പ്പണവും നിശ്ചയദാര്‍ഢ്യവും ആവശ്യമാണ്. ബ്രോഡി നിങ്ങളൊരു ഇതിഹാസമാണ്. ഹാറ്റ്സ് ഓഫ്,’ യുവരാജ് ട്വീറ്റ് ചെയ്തു.

Top