‘ചെ’ വര്‍ത്തമാനകാല സമര പോരാട്ടങ്ങളിലെ കനല്‍വഴികളിലെ വഴിവിളക്ക് : ഡി.വൈ.എഫ്.ഐ

ലോകത്തെ വിപ്ലവ മനസ്സുകളുടെ ആവേശവും അഭിമാനവുമായ അനശ്വര വിപ്ലവകാരി ചെ ഗുവേര വര്‍ത്തമാന കാല സമര പോരാട്ടങ്ങള്‍ക്ക് വഴിവിളക്കാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്.

ചെഗുവേരയുടെ അന്‍പതാം രക്തസാക്ഷിത്വത്തോടനുബന്ധിച്ച് എഴുതിയ ലേഖനത്തിലാണ് റിയാസിന്റെ വിലയിരുത്തല്‍.

ലേഖനത്തിന്റെ പൂര്‍ണ രൂപം ചുവടെ

‘ചെ’ വര്‍ത്തമാനകാല സമരപോരാട്ടങ്ങളില്‍ നമുക്ക് വഴികാട്ടി..
പിഎ.മുഹമ്മദ് റിയാസ്

മരണത്തിനുപ്പുറമാണ് വിജയമെങ്കില്‍ ആ വിജയമാണെനിക്കിഷ്ടം എന്ന് ജീവിതംകൊണ്ട് തെളിയിച്ച അനശ്വര രക്തസാക്ഷി ചെഗുവേര വര്‍ത്തമാനകാല സമരപോരാട്ടങ്ങളുടെ കനല്‍വഴികളില്‍ നമുക്ക് വഴികാട്ടിയാണ്.

അര്‍ജന്റീനയിലെ ഒരു സമ്പന്ന കുടുംബത്തില്‍ ജനിച്ച ചെ ചെറുപ്പത്തിലെ മികച്ച വിദ്യാര്‍ഥിയായിരുന്നു. ചെറുപ്രായത്തില്‍ ചെസ്സ് കളിയില്‍ തല്‍പ്പരനായിരുന്ന ചെയുടെ അഭിരുചി പിന്നീട് സാഹിത്യത്തിലേക്ക് മാറി.

പാബ്ലോ നെരൂദ, ജോണ്‍ ക്ലീറ്റസ്, വാര്‍ട്ട് വിറ്റ്മാന്‍, ഫഡറിക്കോ ഗാര്‍സിയ തുടങ്ങിയവരുടെ കവിതകളില്‍ ആകൃഷ്ടനായി. വീട്ടിലുണ്ടായിരുന്ന 3,000ത്തിലധികം പുസ്തകങ്ങള്‍ വായനയുടെ വിശാല ലോകത്തേക്ക് ചെഗുവേരയെ കൈപിടിച്ച് നടത്തി.

ഇതിലൂടെ കാറല്‍മാക്‌സിലേക്കും മറ്റുചിന്തകരിലേക്കുമെല്ലാം അദ്ദേഹം കടന്നുചെന്നു. ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ളവരുടെ പുസ്തകങ്ങള്‍ അദ്ദേഹം ആസ്വദിച്ചിരുന്നു.

വായനയിലൂടെ ശേഖരിച്ച അറിവുകള്‍ പിന്നീട് കുറിപ്പുകളായി മാറി. ബുദ്ധന്റെയും അരിസ്‌റ്റോട്ടിലിന്റെയും ആശയങ്ങളും ഫ്രോയിഡിന്റെ മനശാസ്ത്ര പരികല്‍പ്പനകളുമെല്ലാം ഇതില്‍ കടന്നുവന്നു.

1948ല്‍ ഡോക്ടറായി പഠനമാരംഭിച്ചതിനിടയില്‍ നടത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്രകളായിരുന്നു ചെയിലെ വിപ്ലവകാരിയുടെ പിറവിക്ക് കാരണം. ലാറ്റിനമേരിക്കയിലെ സാമ്പത്തിക അരക്ഷിതാവസ്ഥയും ജീവിതവും അടുത്തറിയാന്‍ യാത്രകളിലൂടെ സാധിച്ചു.

പെറുവിലെ കുഷ്ഠരോഗികളുടെ കോളനിയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിനായി സമയം നീക്കിവെച്ച ചെ, ചിലിയിലെ ഖനിത്തൊഴിലാളികളുടെ ദുരിതവും ഭൂവുടമകളുടെ പീഡനത്തിനിരയാവുന്ന കര്‍ഷകരുടെ ജീവിതവും തുടങ്ങി മനുഷ്യന്റെ കഷ്ടതകള്‍ അദ്ദേഹത്തെ യാത്രയിലുടനീളം ദു:ഖിപ്പിക്കുകയും കോപാകുലനാക്കുകയും ചെയ്തു.

ചിതറിക്കിടക്കുന്ന കുറേ രാജ്യങ്ങള്‍ എന്നതിലുപരിയായി ലാറ്റിനമേരിക്കന്‍ പ്രദേശമെന്ന കാഴ്ചപ്പാട് ചെയിലുണ്ടാക്കിയത് തന്റെ യാത്രാനുഭവങ്ങളായിരുന്നു.

യാത്രകഴിഞ്ഞ് തിരിച്ചുവന്ന് പഠനം പൂര്‍ത്തിയാക്കി 1953ല്‍ ഡോക്ടര്‍ ഏണസ്‌റ്റോ ചെഗുവേരയായി ചെ മാറി. മനുഷ്യശരീരത്തിനലല്ല സമൂഹത്തിനാണ് രോഗമെന്ന ശരിയായ തിരിച്ചറിവ് ലോകത്തെ മോചിപ്പിക്കാനുള്ള വിപ്ലവകാരിയായി ചെയെ പരുവപ്പെടുത്തുകയായിരുന്നു.

മെക്‌സിക്കോയില്‍വെച്ച് ഫിദലുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ചെ മനസ്സില്‍ സൂക്ഷിച്ച വിപ്ലവത്തിന്റെ ഇന്ധനത്തിന് അഗ്‌നി പടര്‍ന്നു. തുടര്‍ന്ന് ക്യൂബയുടെ മോചത്തിനായി ഗ്രാന്മ എന്ന കപ്പലില്‍ ഫിദലിനൊപ്പം യാത്രതിരിച്ച ചെയും സംഘവും ക്യൂബയിലെത്തിയ ഉടനെ ബാറ്റിസ്റ്റയുടെ സൈന്യത്താല്‍ ആക്രമിക്കപ്പെട്ടു.

88ഓളം പേര്‍ കൊല്ലപ്പെട്ട സംഘത്തില്‍ 22പേരാണ് ജീവനോടെ അവശേഷിച്ചത്. ഇവിടെ വെച്ചാണ് ചെ തന്റെ മെഡിക്കല്‍ രംഗം ഉപേക്ഷിച്ച് സ്റ്റെതസ്‌കോപ്പിന് പകരം ആയുധം കയ്യിലെടുക്കുന്നത്.

ഒരു ഭിഷഗ്വരനില്‍ നിന്നും സായുധ പോരാളിയിലേക്കുള്ള മാറ്റം കൂടിയായിരുന്നു അത്. ഭരണഘടനാപരമായ ജനാധിപത്യസമരസാധ്യതകള്‍ അല്പമെങ്കിലും അവശേഷിച്ചിട്ടുള്ള ഒരു സമൂഹത്തില്‍ ഗറില്ല സമരമുറയെ ആശ്രയിക്കുന്നത് അബദ്ധമായിരിക്കുമെന്ന് ചെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഏകാധിപതിയായ ബാറ്റിസ്റ്റയുടെ കാല്‍ച്ചുവട്ടിലമര്‍ന്ന ക്യൂബന്‍ ജനതയുടെ മോചനത്തിന് ഫിദലിനും ചെയ്ക്കും മുന്നില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല.

വിപ്ലവാനന്തരം തന്നിലേല്‍പ്പിക്കപ്പെട്ട മന്ത്രിസ്ഥാനം ഉപേക്ഷിച്ച് കോങ്കോയിലും ബൊളീവിയയിലും സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് നേതൃത്വമായി മാറിയ ചെ ലാറ്റിനമേരിക്കന്‍ ജനത തങ്ങളെ സ്പാനിഷ് കൊളോണിയല്‍ അധിനിവേശത്തില്‍ നിന്നും മോചിപ്പിച്ച സൈമണ്‍ ബോളിവറുടെ പുനരവതാരമായാണ് ഹൃദയത്തിലേറ്റിയത്.

അഞ്ചു പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഏകധ്രുവ ലോകത്തിന്റെ അധീശത്വം കയ്യാളാന്‍ ലോകമാകെ തങ്ങളുടെ ഒരു സൈനിക താവളമായി നിലനിര്‍ത്തുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയുള്ള ഓരോ ചെറുത്തുനില്‍പ്പിനേയും ചെയുടെ രക്തസാക്ഷിത്വ സമരണകള്‍ ആവേശം പകരുന്നു.

സോവിയറ്റ് യൂണിയന്റെ താല്‍ക്കാലിക തിരിച്ചടിക്കുശേഷം മൂന്നാം ലോക രാജ്യങ്ങള്‍ക്കുമേല്‍ സാമ്രാജ്യത്വശക്തികള്‍ നടപ്പിലാക്കിയ സാമ്പത്തിക കോളനിവത്കരണ ശ്രമമായിരുന്നു ആഗോളവത്കരണ നവഉദാരീകരണ നടപടികള്‍.

പൊതുമേഖലകളെ തകര്‍ത്തും, തൊഴിലില്ലാ വളര്‍ച്ചാ നയത്തെ പ്രോത്സാഹിപ്പിച്ചും വര്‍ഗീയ വംശീയ ശക്തികളെ പണമൊഴുക്കി വളര്‍ത്തിയും ഈ നവസാമ്രാജ്വത്വ അധിനിവേശം വികസ്വര രാജ്യങ്ങളെ തീരാകെടുതികളിലേക്ക് തള്ളിയിട്ടു.

ഈ നയങ്ങള്‍ക്കെതിരായ പ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍കൂടിയാണ് ചെഗുവേരയേയും അദ്ദേഹത്തിന്റെ ദീരോദാത്തമായ പോരാട്ടങ്ങളേയും സ്മരിക്കുന്നത്.

Top