കേരളത്തിലായാലും കേന്ദ്രത്തിലായാലും എൻ.സി.പിയിൽ ഇപ്പോൾ നടക്കുന്നത് ആശയ പോരാട്ടമല്ല അധികാര തർക്കമാണ്. ശരദ് പവാറിന്റെ മരുമകൻ അജിത് പവാർ മഹാരാഷ്ട്രയിൽ പാർട്ടി പിളർത്തിയത് മഹാരാഷ്ട്ര സർക്കാറിൽ മന്ത്രിയാകുന്നതിനു വേണ്ടിയാണ് അതു പോലെ തന്നെ കേരളത്തിലെ എൻ.സി.പിയുടെ രണ്ടാമത്തെ എം.എൽ എ പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയിരിക്കുന്നതും മന്ത്രിസ്ഥാനം മോഹിച്ചു തന്നെയാണ്. രണ്ടാം പിണറായി സർക്കാർ രണ്ടരവർഷം പൂർത്തിയാകുമ്പോൾ ഉണ്ടാകുന്ന മന്ത്രിസഭാ പുനസംഘടനയിൽ നിലവിലെ എൻ.സി.പി മന്ത്രി എ.കെ ശശീന്ദ്രനെ മാറ്റി പകരം കുട്ടനാട് എം.എൽ.എ ആയ തന്നെ മന്ത്രിയാക്കണമെന്നാണ് തോമസ് കെ തോമസ് ആഗ്രഹിക്കുന്നത്.
എ കെ ശശീന്ദ്രനിൽ നിന്നും ഒന്നാം പിണറായി സർക്കാറിന്റെ കാലത്തു തന്നെ മന്ത്രി സ്ഥാനം പങ്കിട്ടെടുക്കാൻ ശ്രമിച്ച സഹോദരൻ തോമസ് ചാണ്ടിയുടെ വഴിയേ തന്നെയാണ് തോമസ് കെ തോമസും നിലവിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഒരു എം.എൽ.എ മാത്രം ഉള്ള പാർട്ടികൾ രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിട്ടെടുക്കണമെന്നതാണ് ഇടതുപക്ഷത്തെ ധാരണ. അതു പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലുമാണ് മന്ത്രിസ്ഥാനം ഒഴിയേണ്ടി വരിക. പകരം കെ.ബി ഗണേഷ് കുമാറും, രാമചന്ദ്രൻ കടന്നപ്പള്ളിയുമാണ് മന്ത്രിയാകാൻ പോകുന്നത്.
ഇടതുപക്ഷത്തെ ഇത്തരമൊരു ധാരണ നിലവിൽ രണ്ട് എം.എൽ.എമാർ ഉള്ള ജനതാദൾ എസിനും എൻസിപിക്കും ബാധകമല്ലങ്കിലും എൻ.സി.പിയിൽ ബാധകമാക്കണമെന്നതാണ് തോമസ് കെ തോമസിന്റെ ആവശ്യം. അദ്ദേഹം അത്തരം ഒരു വാദം എൻ.സി.പിയിൽ ഉയർത്തുന്നതിനെ കുറ്റം പറയാനും സാധിക്കുകയില്ല. കാരണം എ.കെ ശശീന്ദ്രൻ ഇത് രണ്ടാം തവണയാണ് മന്ത്രിയായിരിക്കുന്നത്. തുടർച്ചയായി ഏഴരവർഷം മന്ത്രിസ്ഥാനത്ത് തുടരുന്ന ശശീന്ദ്രൻ രണ്ടര വർഷം മാറി കൊടുക്കുന്നതു തന്നെയാണ് മര്യാദ.
1980-ൽ പെരിങ്ങളത്തു നിന്നും 1982 -ൽ എടക്കാട്ട് നിന്നും 2006 -ൽ ബാലുശ്ശേരിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശശീന്ദ്രൻ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ഏലത്തൂരിൽ നിന്നാണ് നിയമസഭയിൽ എത്തിയിരിക്കുന്നത്. ഇത്രയും കാലം എം.എൽ എയും മന്ത്രിയുമായി അധികാരത്തിന്റെ ഇടനാഴിയിൽ സഞ്ചരിച്ച എ.കെ ശശീന്ദ്രൻ ഇനിയും മന്ത്രിസ്ഥാനത്ത് കടിച്ചു തൂങ്ങിയിരിക്കാൻ ആഗ്രഹിക്കുന്നത് അത്യാഗ്രഹമാണ്. സി.പി.എമ്മും സി.പി.ഐയും പുതുമുഖങ്ങൾക്ക് അവസരം നൽകാൻ സീനിയറായ നേതാക്കളെ പോലും മാറ്റി നിർത്തുമ്പോൾ സ്വന്തം സ്ഥാനം ഭദ്രമാക്കുന്ന അധികാര രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റെ ചിലവിൽ ശശീന്ദ്രൻ പയറ്റുന്നത്.
ഒറ്റയ്ക്കു മത്സരിച്ചാൽ ഒരു പഞ്ചായത്ത് വാർഡിൽ ജയിക്കാനുള്ള കരുത്തു പോലും ഇല്ലാത്ത എൻ.സി.പിക്ക് രണ്ട് നിയമസഭാംഗങ്ങൾ കേരള നിയമസഭയിൽ ഉണ്ടെങ്കിൽ അതിന്റെ പൂർണ്ണമായ ക്രെഡിറ്റും കമ്യൂണിസ്റ്റു പാർട്ടികൾക്കു മാത്രം അവകാശപ്പെട്ടതാണ്. സി.പി.എമ്മിന്റെ ഉരുക്കു കോട്ടയിൽ നിന്നാണ് എ.കെ ശരീന്ദ്രനും തോമസ് കെ തോമസും എം.എൽ.എമാരായി ജയിച്ചു കയറിയിരിക്കുന്നത്. ആര് മറന്നാലും അവരതു മറക്കരുത്. എൻ.സി.പിയോട് സി.പി.എം കാണിച്ച പരിഗണനയൊന്നും ഒരു കാലത്തും ആ പാർട്ടിയുടെ ദേശീയ നേതൃത്വം സി.പി.എമ്മിനോട് കാണിച്ചിട്ടില്ല.
മഹാരാഷ്ട്രയിൽ അർഹതപ്പെട്ട സീറ്റുകൾ നൽകാൻ പോലും എൻ.സി.പി തയ്യാറായിട്ടില്ല. ഇങ്ങനെയുള്ള ഒരു പാർട്ടിയെ ഇടതുമുന്നണിയിൽ നിലനിർത്തുന്നതു തന്നെ സി.പി.എമ്മിന്റെ ഔദാര്യമാണ്. അതു മനസ്സിലാക്കി വേണം എൻ.സി.പി എം.എൽ.എമാർ പെരുമാറേണ്ടത്. ഇടതുപക്ഷത്ത് സി.പി.എമ്മിനാണ് ജനകീയ കരുത്തുള്ളത്. അതു കഴിഞ്ഞാൽ പിന്നെ ചില ജില്ലകളിൽ സ്വാധീനമുള്ള പാർട്ടികൾ സി.പി.ഐയും കേരള കോൺഗ്രസ്സുമാണ്. മറ്റു ഇടതുഘടക കക്ഷികളെല്ലാം നിലനിൽക്കുന്നതു തന്നെ സി.പി.എമ്മിന്റെ കരുത്തിലാണ്. എതിരാളികൾ പോലും അംഗീകരിക്കുന്ന യാഥാർത്ഥ്യമാണത്.
ഘടക കക്ഷികളോട് സി.പി.എമ്മിനെ പോലെ വിട്ടു വീഴ്ച ചെയ്ത ഒരു പാർട്ടി ഇന്നും കേരളത്തിലില്ല. ജനസ്വാധീനമാണ് മന്ത്രിയാകുന്നതിനും എം.എൽ.എ ആകുന്നതിനും യോഗ്യതയെങ്കിൽ ഒരിക്കലും എൻസിപിക്ക് ഇവിടെ ഒരു ജനപ്രതിനിധി ഉണ്ടാകുമായിരുന്നില്ല. കമ്യൂണിസ്റ്റുകളുടെ ജനകീയ അടിത്തറയിൽ വിജയിച്ചു വന്നവർ മാന്യമായ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തേണ്ടത്. കിട്ടിയ പദവിയിൽ കടിച്ചു തൂങ്ങാൻ ശ്രമിക്കുന്നതും അതിനു വേണ്ടി പാർട്ടിയിലെ എതിരാളിയെ ഒതുക്കാൻ ശ്രമിക്കുന്നതും എല്ലാം ജനാധിപത്യ കേരളത്തിനു അംഗീകരിക്കാൻ കഴിയുന്ന പ്രവർത്തിയല്ല.
തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതി തോമസ് കെ.തോമസ് എം.എൽ.എക്കു ഉണ്ടെങ്കിൽ അതെന്തായാലും അന്വേഷിക്കപ്പെടുക തന്നെ വേണം. ഇക്കാര്യത്തിൽ എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകിയതിനെ തെറ്റു പറയാനും സാധിക്കുകയില്ല. എൻ.സി.പി നേതാവാണ് പ്രതിസ്ഥാനത്ത് എന്നതിനാൽ പരാതി നൽകരുത് എന്ന് ആരെങ്കിലും വാദിച്ചാൽ ആ വാദത്തെ അംഗീകരിക്കാനും കഴിയുന്നതല്ല. പരാതി ശരിയാണെങ്കിൽ എൻ.സി.പി നേതാവിനെതിരെയും അഥവാ പറഞ്ഞത് തെറ്റാണെങ്കിൽ എം.എൽ.എക്കെതിരെയും നടപടി ഉണ്ടാവണം.
അതുവരെ കാത്തു നിൽക്കുന്നതിനു പകരം മന്ത്രി എ.കെ ശശീന്ദ്രൻ തോമസ് കെ തോമസിനെതിരെ നിലപാട് സ്വീകരിച്ചത് സംശയത്തോടെ മാത്രമേ നോക്കി കാണാൻ സാധിക്കുകയൊള്ളു. ഇതോടെ ഏറെക്കാലമായി എൻ.സി.പി കേരള ഘടകത്തിൽ നീറിപ്പുകയുന്ന അസ്വാരസ്യങ്ങളാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കുന്നത്. തോമസിനെ തള്ളിപ്പറഞ്ഞും പി.സി. ചാക്കോക്കൊപ്പം ചേർന്നുമാണ് വധശ്രമത്തെ പാർട്ടിയിലെ ഭിന്നതയുമായി ബന്ധിപ്പിക്കാനുള്ള തോമസ് കെ. തോമസിന്റെ ശ്രമത്തെ മന്ത്രി ശശീന്ദ്രൻ പ്രതിരോധിക്കുന്നത്.
“വധശ്രമം നടത്താൻ മാത്രം ക്രൂരന്മാരുള്ള പാർട്ടിയല്ല എൻ.സി.പി എന്നും” അദ്ദേഹം അവകാശപ്പെടുകയുണ്ടായി. വ്യവസായിയും എൻസിപി മുൻ പ്രവർത്തകസമിതി അംഗവുമായ റജി ചെറിയാനു എതിരെയാണ് വധശ്രമം ആരോപിച്ച് തോമസ് കെ തോമസ് ഡി.ജി.പിക്ക് പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നും കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ കൊലപ്പെടുത്താനാണ് നീക്കം നടന്നതെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
‘പാടത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന സമയത്ത് യാദൃച്‍ഛികമായി വണ്ടി വെള്ളത്തിൽ വീണു’ എന്നു വരുത്തിത്തീർത്ത് അപായപ്പെടുത്താനാണു ശ്രമിച്ചതത്രെ. ഡ്രൈവറുടെ വശത്തെ ഗ്ലാസ് ഡോർ താഴ്ത്തി രക്ഷപ്പെടാനും തന്റെ ഭാഗത്തെ ഡോർ ലോക്ക് ചെയ്ത് ജീവഹാനി വരുത്താനുമാണ് നോക്കിയതെന്നും എം.എൽ.എ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഒരു കെണി ഒരുക്കിയത് കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പ് വരുത്തി മൽസരിക്കാനാണെന്നാണ് തോമസ് കെ തോമസ് പറയുന്നത്. തന്നെ അപകീർത്തിപ്പെടുത്താൻ നേരത്തേ മൂന്നു സംഭവങ്ങൾ ഇവർ തന്നെ സൃഷ്ടിച്ചതായും തോമസ് കെ.തോമസ് പരാതിയിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ഉപയോഗപ്പെടുത്തി ജയിലിൽ അടച്ചു നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കാനാണു ആദ്യം നോക്കിയതെന്നാണ് വാദം. പൊലീസ് അന്വേഷണത്തിൽ ഇവയെല്ലാം പൊളിഞ്ഞതോടെയാണ് ജീവനെടുക്കാൻ ശ്രമം നടത്തിയതെന്നും അദ്ദേഹം പറയുന്നു. തനിക്കെതിരെയുള്ള എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും പദ്ധതി ഇട്ടതു റജി ചെറിയാനാണെന്നും പരാതിയിൽ എംഎൽഎ കൃത്യമായി ആരോപിച്ചിട്ടുണ്ട്. ഡ്രൈവറുടെ പെരുമാറ്റം സംശയകരമാണെന്നു തോന്നിയതിനാൽ അയാളെ ജോലിയിൽ നിന്നു മാറ്റിയെങ്കിലും ഉടൻ തന്നെ അയാളെ റജി ചെറിയാന്റെ ഡ്രൈവറായി നിയമിക്കുകയാണ് ചെയ്തതെന്നും എം.എൽ.എ പറയുന്നു.
ഇയാൾ മദ്യപിച്ച ശേഷം തന്റെ സ്റ്റാഫ് അംഗത്തെ വിളിച്ചപ്പോഴാണ് രഹസ്യപദ്ധതി പുറത്തായതെന്നും പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എംഎൽഎയെ ലോറി ഇടിപ്പിച്ചുകൊല്ലുമെന്നു എൻസിപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആയിരുന്ന സന്തോഷ് കുമാറിനെ വിളിച്ചും ഭീഷണിപ്പെടുത്തിയെന്ന കാര്യവും ഡി.ജി.പിക്കു നൽകിയ പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനായി മുൻകൂറായി അഞ്ചു ലക്ഷം രൂപ ഡ്രൈവർക്കു കൊടുത്തെന്നതാണ് മറ്റൊരു വാദം. ബാക്കി കൃത്യത്തിനു ശേഷ നൽകാമെന്നു റജി ചെറിയാൻ വാഗ്ദാനം ചെയ്തെന്നും പരാതിയിൽ പറയുന്നുണ്ട്. റജിക്ക് സകല പിന്തുണയും നൽകുന്നതും സംരക്ഷിക്കുന്നതും എൻ.സി.പി പ്രസിഡന്റ് പി.സി. ചാക്കോ ആണെന്നാണ് എം.എൽ.എ ആരോപിച്ചിരിക്കുന്നത്.
കേൾക്കുമ്പോൾ സിനിമാ ക്രൈംത്രില്ലർ പോലെ തോന്നുമെങ്കിലും ഗുരുതര ആരോപണമുന്നയിച്ച ഈ പരാതി നൽകിയത് ഒരു എം.എൽ.എ ആയതിനാൽ തീർച്ചയായും ഇക്കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. പൊലീസ് സത്യാവസ്ഥ പുറത്തു കൊണ്ടു വരുന്നതുവരെ ക്ഷമിക്കാനുള്ള വിവേകം മന്ത്രി എ.കെ ശശീന്ദ്രനും കാണിക്കണം. അദ്ദേഹം അന്വേഷണത്തിൽ ഇടപെടുന്നില്ലന്നു ഉറപ്പു വരുത്തേണ്ട ബാധ്യത മുഖ്യമന്ത്രിയുടെ ഓഫീസിനുമുണ്ട്. അവർ അക്കാര്യം നിർവ്വഹിക്കണമെന്നു തന്നെയാണ് പ്രബുധരായ കേരള ജനതയും ആഗ്രഹിക്കുന്നത്.
EXPRESS KERALA VIEW