ചൈനക്ക് ഇത് ശക്തമായ മുന്നറിയിപ്പ്; മലബാര്‍ നാവിക അഭ്യാസത്തിന് ഓസ്ട്രേലിയയും

ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ നടക്കുന്ന മലബാര്‍ നാവിക അഭ്യാസത്തിന് ഓസ്ട്രേലിയയെ കൂടി ക്ഷണിക്കാന്‍ ഇന്ത്യ. നിലവില്‍ ജപ്പാനും യുഎസും മാത്രമാണ് ഇന്ത്യക്കൊപ്പം നാവിക അഭ്യാസത്തില്‍ പങ്കെടുക്കുന്നത്.

ഓസ്ട്രേലിയ കൂടി എത്തുന്നതോടെ നാലു രാജ്യങ്ങളും ഉള്‍പ്പെടുന്ന ഖ്വാദ് ഗ്രൂപ്പിലെ നാവിക സേനകള്‍ ഒന്നിച്ചു നടത്തുന്ന പരിപാടിയാകും ഇത്. ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പായാണ് ഇന്ത്യ മലബാര്‍ നാവിക അഭ്യാസത്തിന് ഓസ്ട്രേലിയയെ കൂടി ക്ഷണിക്കാനൊരുങ്ങുന്നത്.

അമേരിക്കയുമായും ജപ്പാനുമായും ചര്‍ച്ച നടത്തിയ ശേഷം അടുത്തയാഴ്ച ഔദ്യോഗികമായി ഓസ്ട്രേലിയയെ ക്ഷണിക്കുമെന്നാണു സൂചന. ഓസ്ട്രേലിയയെ കൂടി നാവിക അഭ്യാസത്തില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം ഏറ്റവും നിര്‍ണായകമായ സമയത്താണെന്ന് പ്രതിരോധ ഗവേഷകനായ ഡെറെക് ഗ്രോസ്മാന്‍ പറഞ്ഞു.

നാലു രാജ്യങ്ങളും കൈകോര്‍ക്കുന്നത് ചൈനയ്ക്ക് ഇന്ത്യ നല്‍കുന്ന വലിയ സന്ദേശമായിരിക്കുമെന്നും ഡെറെക് പറഞ്ഞു. 2004ല്‍ ഖ്വാദ് സഖ്യം രൂപീകരിച്ചതില്‍ തന്നെ ചൈനയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. സുനാമിയില്‍പെട്ട രാജ്യങ്ങളെ സഹായിക്കാന്‍ രൂപീകരിച്ച സഖ്യം 2007ലാണു പുനരുജ്ജീവിപ്പിച്ചത്.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖ്വാദ് സഖ്യം നിലവില്‍ വിയറ്റ്നാം, ദക്ഷിണകൊറിയ, ന്യൂസീലാന്‍ഡ് എന്നീ രാജ്യങ്ങളുമായി ഏകോപിച്ചാണു പ്രവര്‍ത്തിക്കുന്നത്. മലബാര്‍ നാവിക അഭ്യാസത്തില്‍ പങ്കെടുക്കുന്നതിനെ മഹത്തായ കാര്യമായാണു കാണുന്നതെന്നും ക്ഷണത്തിനു കാത്തിരിക്കുകയാണെന്നും ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു.1992 മുതലാണ് യുഎസ്, ഇന്ത്യ നാവികസേനകള്‍ സംയുക്തമായി മലബാര്‍ നാവിക അഭ്യാസം ആരംഭിച്ചത്.

2004 മുതല്‍ ഏഷ്യന്‍ രാജ്യങ്ങളും പങ്കെടുക്കാറുണ്ട്. 2007ല്‍ ഇന്ത്യ, ജപ്പാന്‍, യുഎസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയ പങ്കെടുത്തതിനെ ചൈന എതിര്‍ത്തിരുന്നു. 2015-ല്‍ നാവിക അഭ്യാസത്തില്‍ ജപ്പാനെ ഉള്‍പ്പെടുത്തിയപ്പോഴും എതിര്‍പ്പുമായി ചൈന രംഗത്തെത്തി. അഞ്ച് വര്‍ഷത്തിനിപ്പുറം ഓസ്ട്രേലിയയെ വീണ്ടുമുള്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോഴും നിലവിലെ സാഹചര്യത്തില്‍ കടുത്ത പ്രതിഷേധം തന്നെയാവും ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുകയെന്ന് പ്രതിരോധ വിദഗ്ധര്‍ ഉറപ്പിക്കുന്നു.

Top