ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം; അഫ്​ഗാനിസ്ഥാൻ പ്രഭവ കേന്ദ്രം

ഡൽഹി: ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനം. രാത്രി 10.17ഓടെയാണ് റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹിക്ക് പുറമെ ജമ്മു കശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഒരു മിനിറ്റ് നേരം ഭൂചനം അനുഭവപ്പെട്ടു.

അഫ്​ഗാനിസ്ഥാനിലെ ജുറുമാണ് പ്രഭവ കേന്ദ്രം. പ്രഭവ കേന്ദ്രത്തിൽ നിന്ന് അധികം ദൂരമില്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ജനങ്ങളിൽ വീടുകളിൽ നിന്ന് ഇറങ്ങിയോടി.

ഡൽഹി എൻസിആർ മേഖലയിൽ താമസിക്കുന്ന ആളുകളെല്ലാം കെട്ടിടങ്ങളിൽ നിന്ന് ഓടി പുറത്തിറങ്ങി ഒഴിഞ്ഞ സ്ഥലങ്ങളിൽ കൂടി നിൽക്കുകയാണ്. കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായതായോ ആർക്കെങ്കിലും ജീവഹാനി സംഭവിച്ചതായോ റിപ്പോർട്ടുകളില്ല. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്.

ഇന്ത്യ, പാകിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ, ചൈന, തുർക്ക്‌മെനിസ്ഥാൻ, കസാഖിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. പാകിസ്ഥാനിലും അഫ്​ഗാനിസ്ഥാനിലുമായി ഒൻപത് പേർ മരിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നു. നൂറിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

അഫ്ഗാനിസ്താനിലെ ജുറും ഭൂകമ്പ സാധ്യത ഏറെയുള്ള പ്രദേശമാണ്. സമാനമായ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 2018-ലും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. അന്നും വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.

Top