ശക്തമായ കടല്‍ക്ഷോഭം ; 19 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചു

തിരുവനന്തപുരം: കടല്‍ക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയുടെ തീരമേഖലകളില്‍നിന്ന് 19 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപാര്‍പ്പിച്ചു. കടല്‍ക്ഷോഭത്തില്‍ വലിയതുറ മേഖലയില്‍ ഒമ്പതു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.

വലിയതുറ ബഡ്‌സ് യുപി സ്‌കൂള്‍, വലിയതുറ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ എന്നിവിടങ്ങളിലാണു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നത്. ബഡ്‌സ് യുപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ എട്ടു കുടുംബങ്ങളിലെ 34 പേരും വലിയതുറ യുപിഎസില്‍ 11 കുടുംബങ്ങളില്‍ നിന്നുള്ള 35 പേരുമാണുള്ളത്. ഇവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി വ്യക്തമാക്കി.

അതേസമയം കേരളത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച്ച സംസ്ഥാനത്തെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കേരളത്തിലും കര്‍ണാടകത്തിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച രാവിലെയാണ് ശ്രീലങ്കയുടെ തെക്കുകിഴക്കായി ന്യൂനമര്‍ദം രൂപംകൊണ്ടത്. ഇത് ശക്തിപ്രാപിച്ച് 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി രൂപപ്പെടുമെന്നാണ് പ്രവചനം. ഞായറാഴ്ച്ച പുലര്‍ച്ചെയോടെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളാ തീരത്തും കന്യാകുമാരിയിലും മണിക്കൂറില്‍ 30 മുതല്‍ 40 കിമി വരെ വേഗത്തില്‍ കാറ്റ് വീശും.

Top