മമ്മുട്ടിക്ക് പത്മഭൂഷൺ നിഷേധിച്ചതിനെതിരെ പ്രതിഷേധം ശക്തം, കമ്യൂണിസ്റ്റായതു കൊണ്ടാണോയെന്നും ചോദ്യം !

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പത്മ പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നതില്‍ കടുത്ത വിവേചനമാണ് നടക്കുന്നതെന്ന ആരോപണമാണിപ്പോള്‍ മമ്മുട്ടിക്ക് പത്മഭൂഷണ്‍ നിഷേധിച്ചതിലൂടെ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പതിവു പോലെ ഇത്തവണയും മമ്മൂട്ടിയുടെ പേരുണ്ടായിരുന്നെങ്കിലും കേന്ദ്രം ആ നിര്‍ദ്ദേശം പൂര്‍ണമായും തള്ളികളയുകയാണ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന് വളരെ മുന്‍പു തന്നെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചവര്‍ കടുത്ത വിവേചനമാണ് മമ്മുട്ടിയോട് കാണിച്ചു കൊണ്ടിക്കുന്നത്. അതെന്തായാലും പറയാതെ വയ്യ.

കമ്യൂണിസ്റ്റുകാരനായതു കൊണ്ടാണോ മമ്മുട്ടിക്ക് പത്മഭൂഷണ്‍ നിഷേധിക്കുന്നത് എന്നതിന് കേന്ദ്ര സര്‍ക്കാറാണ് ഇനി മറുപടി നല്‍കേണ്ടത്. മമ്മുട്ടിക്ക് അര്‍ഹതപ്പെട്ട ദേശീയപുരസ്‌ക്കാരങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴെല്ലാം പൊതു സമൂഹത്തില്‍ നിന്നും വളരെ ശക്തമായി തന്നെയാണ് ഈ ചോദ്യവും ഉയര്‍ന്നു വരാറുള്ളത്. അതിപ്പോള്‍ വീണ്ടും കൂടുതല്‍ ശക്തമായി തന്നെ ഇടതുപക്ഷ പ്രൊഫൈലുകള്‍ ഉയര്‍ത്തുന്നുമുണ്ട്.

1998-ല്‍ പത്മശ്രീ ലഭിച്ച മമ്മുട്ടിക്ക് പത്മഭൂഷണ്‍ കിട്ടാത്തതിനു പ്രധാനകാരണം അദ്ദേഹത്തിന്റെ രാഷ്ട്രീയം തന്നെയാകാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. അതല്ലാതെ മമ്മുട്ടിയെ മാറ്റി നിര്‍ത്തുന്നതിന് പ്രത്യേകിച്ച് ഒരു കാരണവും അവരും കാണുന്നില്ലന്നതാണ് യാഥാര്‍ത്ഥ്യം. അഭിനയത്തില്‍ മാത്രമല്ല കാരുണ്യ പ്രവര്‍ത്തികളിലും സജീവമായി ഇടപെടുന്ന മമ്മുട്ടിക്ക് കോളജ് കാലം മുതല്‍ ഉറച്ച രാഷ്ട്രീയ നിലപാടാണ് ഉള്ളത്. അത് തുറന്നു പറയാനും അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടാകാറില്ല. 2019-ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഇന്നസെന്റിനു വേണ്ടി പരസ്യമായാണ് മമ്മുട്ടി പ്രചരണത്തിന് ഇറങ്ങിയിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കളുമായും വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്.

മമ്മുട്ടി രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചാല്‍ അത് ചെങ്കൊടി പ്രസ്ഥാനത്തിലായിരിക്കും എന്നത് ബി.ജെ.പിയും തിരിച്ചറിയുന്ന യാഥാര്‍ത്ഥ്യമാണ്. മമ്മുട്ടി ഇടതുപക്ഷ ടിക്കറ്റില്‍ രാജ്യസഭയില്‍ എത്തിയേക്കുമെന്ന വാര്‍ത്തകളെയും അസ്വസ്ഥതയോടു കൂടിയാണ് പരിവാര്‍ കേന്ദ്രങ്ങള്‍ നോക്കി കണ്ടിരുന്നത്. നടന്‍ സുരേഷ് ഗോപിയെ മുന്‍ നിര്‍ത്തി കേരളത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി മമ്മുട്ടിയെ പോലുള്ള ഒരു സൂപ്പര്‍സ്റ്റാര്‍ ഇടതുപാളയത്തില്‍ സജീവമാകുന്ന അവസ്ഥ എന്തായാലും ആഗ്രഹിക്കുന്നില്ല.

കേന്ദ്രത്തില്‍ മൂന്നാംഊഴം ലഭിച്ചാല്‍ ബി.ജെ.പി ആദ്യം ലക്ഷ്യമിടാന്‍ പോകുന്ന സംസ്ഥാനം കേരളമാണ്. പ്രധാനമന്ത്രി തന്നെ ഇക്കാര്യം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുമുണ്ട്.കേരളം ബി.ജെ.പിയുടെ കൈപിടിയില്‍ ഒതുക്കണമെങ്കില്‍ ആദ്യം തകര്‍ക്കേണ്ടത് ഇടതുപക്ഷത്തെയാണ് എന്നത് ഏറ്റവും നന്നായി അറിയാവുന്നതും മോദി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്കു തന്നെയാണ്. അതു കൊണ്ടു തന്നെയാണ് തന്ത്രപരമായ നിലപാട് കേരളത്തില്‍ അവര്‍ സ്വീകരിച്ചിരിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയെ രംഗത്തിറക്കിയതും പ്രചരണത്തിനായി താരങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള തീരുമാനവും ബി.ജെ.പിയ്ക്ക് സംസ്ഥാനത്ത് വേരുറപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ഇടതുപക്ഷത്തോട് അടുത്തുനില്‍ക്കുന്ന സെലിബ്രിറ്റികളും ഇപ്പോള്‍ ബി.ജെ.പിയുടെ നോട്ടപ്പുള്ളികളാണ്. ഇവരെ പിറകോട്ടടിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മമ്മുട്ടിയ്ക്ക് പത്മഭൂഷണ്‍ നിഷേധിച്ചതെന്ന സംശയവും വ്യാപകമായി ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ സംശയിക്കാന്‍ അതിന്റേതായ കാരണങ്ങളും ഇടതുപക്ഷ കേന്ദ്രങ്ങള്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. അയോദ്ധ്യയില്‍ എത്തി സംഘപരിവാറിന്റെ ഗുഡ് ബുക്കില്‍ ഇടംപിടിച്ച തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിരംഞ്ജീവിക്ക് ഇത്തവണ പത്മവിഭൂഷണ്‍ ലഭിച്ചപ്പോള്‍ ബി.ജെ.പിയുടെ കേരളത്തിലെ മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലിന് പത്മഭൂഷണും നല്‍കി ആദരിച്ചിട്ടുണ്ട്.

പത്മ പുരസ്‌ക്കാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ആദ്യ അഞ്ചില്‍ മമ്മുട്ടിക്കുപുറമെ എംടി വാസുദേവന്‍ നായര്‍ കലാമണ്ഡലം ഗോപി ആശാന്‍ സുഗതകുമാരി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവരാണ് ഇടംപിടിച്ചിരുന്നത്.ഇതില്‍ എംടിയുടെ പേര് പത്മവിഭൂഷണിനു വേണ്ടിയും മറ്റുള്ളവരെ പത്മഭൂഷണു വേണ്ടിയുമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. ഈ ലിസ്റ്റ് തള്ളിക്കളഞ്ഞ കേന്ദ്രം ആത്മീയ രംഗത്ത് നിന്ന് മുംതാസ് അലിയ്ക്കും നിയമപണ്ഡിതനായിരുന്ന പ്രഫ.എന്‍.ആര്‍.മാധവമേനോനും പത്മഭൂഷന്‍ നല്‍കാന്‍ തീരുമാനിക്കുകയാണുണ്ടായത്. ഇതിനു പുറമെ മലയാളി ശാസ്ത്രജ്ഞനായ കെ എസ് മണിലാല്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ എം.കെ. കുഞ്ഞോല്‍ എഴുത്തുകാരന്‍ എന്‍ ചന്ദ്രശേഖരന്‍ നായര്‍ നോക്കുവിദ്യ പാവകളി കലാകാരിയായ എം എസ് പങ്കജാക്ഷി എന്നിവര്‍ക്ക് പത്മശ്രീയും പ്രഖ്യാപിച്ചിട്ടുണ്ട്.

കാബിനറ്റ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറി പ്രസിഡന്റിന്റെ സെക്രട്ടറി എന്നിവരോടൊപ്പം വിവിധ മേഖലകളില്‍ പ്രശസ്തരായ നാല് മുതല്‍ ആറ് വരെ അംഗങ്ങളെ ചേര്‍ത്താണ് പത്മ അവാര്‍ഡിനായുള്ള കമ്മിറ്റി രൂപീകരിക്കാറുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഈ ചുമതലകള്‍ നിര്‍വ്വഹിക്കുക. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന ശുപാര്‍ശകള്‍ പരിഗണിച്ച് അതില്‍ നിന്നും തിരഞ്ഞെടുത്ത പേരുകള്‍ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരത്തിനായി സമര്‍പ്പിക്കുകയാണ് പതിവ്.

എന്നാല്‍ മമ്മൂട്ടിയുടെയും എംടിയുടെയും പേര് ഇത്തവണയും പരിഗണിക്കപ്പെട്ടില്ല എന്നതാണ് വസ്തുത. മമ്മുട്ടിക്ക് തീര്‍ച്ചയായും പത്മഭൂഷണ്‍ ലഭിക്കുമെന്നാണ് മലയാള സിനിമാ ലോകവും കരുതിയിരുന്നത്. എന്നാല്‍ പുറത്തുവന്ന പത്മ പുരസ്‌ക്കാരങ്ങളുടെ ലിസ്റ്റ് സിനിമാ പ്രവര്‍ത്തകരെയും ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്. നിരൂപക പ്രശംസ പിടിച്ചുപറ്റിയ പേരന്‍പ് എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് നിഷേധിച്ചതിനു സമാനമായ അവഗണനയായാണ് ചലച്ചിത്രലോകം ഇതിനെ വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയവരാണ് പേരന്‍പിനെ പിന്തള്ളി ആ വര്‍ഷത്തെ ദേശീയ അവാര്‍ഡുകളെല്ലാം വാരിക്കൂട്ടിയിരുന്നത്. ഈ ചരിത്രമാണ് പലരൂപത്തിലും ഭാവത്തിലുമായി വീണ്ടും വീണ്ടും ഇപ്പോഴും ആര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ എത്രയൊക്കെ തഴഞ്ഞാലും അതിന്റെ പിന്നിലെ കാരണം എന്തു തന്നെ ആയാലും മമ്മുട്ടിയോടുള്ള ഈ അവഗണന കേരളത്തെ സംബന്ധിച്ച് ഒരിക്കലും ബോധ്യപ്പെടാത്തതു തന്നയാണ്. മമ്മുട്ടിയും മോഹന്‍ലാലും കേരളത്തെ സംബന്ധിച്ച് സ്വകാര്യ അഹങ്കാരങ്ങളാണ്. ഈ താരങ്ങള്‍ രണ്ടുപേരും പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് ഒരുപോലെ അര്‍ഹരുമാണ്. ഇവരില്‍ വിവേചനം കാണുന്നത് സങ്കി മനസ്സിലെ സങ്കുചിത മനസ്സുകള്‍ക്ക് മാത്രമാണ്. അതുകൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ മോഹന്‍ലാലിനെമാത്രം അടര്‍ത്തി മാറ്റി പത്ഭൂഷണ്‍ നല്‍കിയിരുന്നത്. പുരസ്‌ക്കാരത്തിലെ ഈ അനീതിയെ അന്നു തന്നെ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചോദ്യം ചെയ്തിരുന്നെങ്കിലും അതൊന്നും തന്നെ അണിയറയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നവരെ ഒരു തരത്തിലും സ്വാധീനിച്ചിരുന്നില്ല. അതു തന്നെയാണ് ഇപ്പോഴത്തെ പത്മ പുരസ്‌ക്കാര പ്രഖ്യാപനത്തിലും സംഭവിച്ചിരിക്കുന്നത്. പത്മഭൂഷണ്‍ ലഭിച്ചാലും ഇല്ലങ്കിലും മമ്മുട്ടി എന്ന മഹാനടനും മനുഷ്യ സ്നേഹിക്കുമുള്ള ജനങ്ങളുടെ ആദരവിന് ഒരു ഇടിവും സംഭവിക്കുകയില്ല. അത് കൂടുതല്‍ ശക്തമായി തുടരുക തന്നെ ചെയ്യും.

നിലവില്‍ മൂന്ന് ദേശീയ അവാര്‍ഡുകളാണ് മമ്മൂട്ടിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. മതിലുകള്‍ വടക്കന്‍ വീരഗാഥ എന്നീ സിനിമകളിലെ അഭിനയത്തിന് 1989 ലും പൊന്തന്‍ മട വിധേയന്‍ എന്നീ ചിത്രങ്ങള്‍ക്ക് 1993 ലും ഡോ. ബാബാസാഹേബ് അംബേദ്കറിലെ അഭിനയത്തിന് 1999 ലുമാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ തേടി എത്തിയിരുന്നത്. ഇതില്‍ ബാബാ സാഹിബ് അംബേദ്കര്‍ ഒരു ഇംഗ്ലീഷ് ചിത്രമാണ്. രണ്ടു ഭാഷകളില്‍ അഭിനയിച്ച സിനിമകളിലും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങിയ രാജ്യത്തെ ഏകനടനും മമ്മൂട്ടിയാണ്. പേരന്‍പിലെ അഭിനയത്തിന് കൂടി അര്‍ഹതയ്ക്കുള്ള അംഗീകാരം ലഭിച്ചിരുന്നുവെങ്കില്‍ അതൊരു റെക്കോര്‍ഡായി തന്നെ മാറുമായിരുന്നു.

മോഹന്‍ലാലിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് 2 തവണമാത്രമാണ് ലഭിച്ചത്. 1991 -ല്‍ ഭരതത്തിനും 1999-ല്‍ വാനപ്രസ്ഥത്തിനുമാണ് ഈ പുരസ്‌കാരം. 1989-ല്‍ കിരീടത്തിലെ അഭിനയത്തിന് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് മാത്രമാണ് ലഭിച്ചിരുന്നത്. 1999-ലെ മികച്ച സിനിമക്കുള്ള അവാര്‍ഡും മോഹന്‍ലാലിനായിരുന്നു. അതുപക്ഷേ വാനപ്രസ്ഥത്തിന്റെ നിര്‍മ്മാതാവ് എന്ന നിലയിലായിരുന്നു എന്നു മാത്രം. അമിതാഭ്ബച്ചന് 1991-ല്‍ അഗ്‌നിപഥ് എന്ന സിനിമക്കും 2006-ല്‍ ബ്ലാക്ക് 2010-ല്‍ ‘പാ’ എന്നീ സിനിമകള്‍ക്കുമായി മൂന്ന് ദേശീയ അവാര്‍ഡുകളാണ് കൈമുതലായുള്ളത്. 1969 ലെ പുതുമുഖ നടനുള്ള പുരസ്‌കാരവും അദ്ദേഹത്തിനായിരുന്നു.

സകലകലാ വല്ലഭനായ കമല്‍ഹാസന് മികച്ച ബാലതാരത്തിനുള്‍പ്പെടെയാണ് നാല് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത്. 1960 1982 1987 1996 കാലഘട്ടങ്ങളിലാണ് ഈ പുരസ്‌കാരങ്ങള്‍ അദ്ദേത്തിന് ലഭിച്ചിരുന്നത്.മമ്മൂട്ടി ഒഴികെ മറ്റ് മൂന്ന് പേരും തങ്ങളുടെ സ്വന്തം മാതൃഭാഷയില്‍ അഭിനയിച്ച സിനിമകളില്‍ മാത്രമാണ് എല്ലാ ദേശീയ അവാര്‍ഡുകളും വാങ്ങിക്കൂട്ടിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാക്കളില്‍ മമ്മുട്ടിയും കമല്‍ഹാസനും പ്രത്യയശാസ്ത്രപരമായി തന്നെ പല കാര്യങ്ങളിലും സമാന അഭിപ്രായം പിന്തുടരുന്നവരാണ്. ഇടതുപക്ഷ സര്‍ക്കാറുമായി മമ്മുട്ടിക്ക് ഉള്ള അടുപ്പംപോലെ തന്നെ കമല്‍ഹാസനും വളരെ അടുത്ത അടുപ്പമാണുള്ളത്. അതാകട്ടെ പരസ്യമായ രഹസ്യവുമാണ്.

EXPRESS KERALA VIEW

Top