മാലിദ്വീപിൽ ഇന്ത്യാ വിരുദ്ധ സർക്കാറിനെതിരെ പ്രതിഷേധം ശക്തം, മേയർ തിരഞ്ഞെടുപ്പിൽ തിരിച്ചടി, ഇന്ത്യൻ സൈന്യവും എന്തിനും തയ്യാർ

ന്ത്യാ വിരുദ്ധനായ മാലിദ്വീപ് പ്രസിഡന്റിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അപ്രതീക്ഷിത തിരിച്ചടിയാണിപ്പോള്‍ മാലിദ്വീപ് ജനത നല്‍കിയിരിക്കുന്നത്. മാലിദ്വീപിന്റെ തലസ്ഥാനമായ മാലെയിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ മൊയ്സുവിന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് ദയനീയമായാണ് പരാജയപ്പെട്ടിരിക്കുന്നത്. മുന്‍ പ്രസിഡന്റ് മുഹമ്മദ് സോലിഹ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ അനുകൂല പാര്‍ട്ടിയായ മാലിദ്വീവിയന്‍ ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയായ ആദം അസിം ആണ് പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 15നകം മാലിദ്വീപിലെ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന മൊയ്‌സു ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തിനു തൊട്ടു പിന്നാലെ നടന്ന തിരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മൊയ്സു ഒഴിഞ്ഞതോടെയാണ് മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നിരുന്നത്. 45 ശതമാനം വോട്ട് നേടിയാണ് ഇന്ത്യന്‍ അനുകൂലിയായ ആദം തകര്‍പ്പ വിജയം നേടിയിരിക്കുന്നത്. മൊയ്‌സുവിന്റെ പിഎന്‍സി സ്ഥാനാര്‍ഥിയായ അസിമ ഷകൂറിന് കേവലം 29 ശതമാനം വോട്ട് നേടാനേ സാധിച്ചുള്ളൂ എന്നത് രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ നടന്ന മേയര്‍ തിരഞ്ഞെടുപ്പിനെ ഇന്ത്യയും ആകാംക്ഷയോടെയാണ് നോക്കി കണ്ടിരുന്നത്.

ഇന്ത്യക്ക് ചുറ്റും സൈനിക കേന്ദ്രങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ചൈന, ശ്രീലങ്കയ്ക്കു ശേഷം നോട്ടമിട്ട രാജ്യമാണ് മാലിദ്വീപ്. എന്നാല്‍ ഇന്ത്യന്‍ അനുകൂല ഭരണകൂടങ്ങള്‍ ഉള്ളതിനാല്‍ മുന്‍പ് അത്തരമൊരു ശ്രമം ഫലം കണ്ടിരുന്നില്ല. പുതിയ പ്രസിഡന്റായി ചൈന അനുകൂലിയായ മുഹമ്മദ് മൊയ്സു അധികാരമേറ്റ ശേഷമാണ് വീണ്ടും മാലിദ്വീപിനെ ലക്ഷ്യമിട്ട് ചൈന നീക്കം തുടങ്ങിയിരുന്നത്. പതിവില്‍ നിന്നും വിപരീതമായി ചരിത്രത്തില്‍ ആദ്യമായി അധികാരമേറ്റെടുത്ത ശേഷം ആദ്യ യാത്ര ചൈനയിലേക്ക് ആക്കിയ മാലിദ്വീപ് പ്രസിഡന്റും മുഹമ്മദ് മൊയ്സു തന്നെയാണ്.

നിരവധി കരാറുകളാണ് ഈ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ മാലിദ്വീപ് മന്ത്രിസഭയിലെ അംഗങ്ങള്‍ അപമാനിച്ചതിനു ശേഷമാണ് ചൈന സന്ദര്‍ശനത്തിനായി മൊയ്‌സു പുറപ്പെട്ടിരുന്നത്. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രിമാരെ പ്രസിഡന്റ് സസ്‌പെന്റ് ചെയ്‌തെങ്കിലും മറ്റു തുടര്‍ നടപടികളൊന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യയിലാകട്ടെ മാലിദ്വീപ് ഭരണ കൂടത്തിനെതിരായ പ്രതിഷേധം ഇപ്പോഴും വളരെ ശക്തമാണ്.

ഇന്ത്യന്‍ ജനത കൂട്ടത്തോടെയാണ് മാലിദ്വീപ് സന്ദര്‍ശനം റദ്ദാക്കിയിരിക്കുന്നത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയാണ് ബഹിഷ്‌ക്കരണത്തില്‍ പങ്കാളികളായിരിക്കുന്നത്. ഏറ്റവും ഒടുവില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം നാഗര്‍ജ്ജുനയാണ് മാലിദ്വീപ് സന്ദര്‍ശനം റദ്ദാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള തിരിച്ചടി ഉണ്ടാവുകയും ചൈന ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് മാലിദ്വീപ് സര്‍ക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിനു പിന്നിലെ അജണ്ട എന്താണെന്നത് ഇതിനകം തന്നെ ഇന്ത്യയ്ക്കും വ്യക്തമായിട്ടുണ്ട്.

അതുകൊണ്ടു തന്നെ കരുതലോടെ നീങ്ങാനാണ് ഇന്ത്യയും തീരുമാനിച്ചിരിക്കുന്നത്. മാലിദ്വീപിലെ ഇന്ത്യാ വിരുദ്ധരായ ഭരണകൂടത്തിന്റെ താല്‍പ്പര്യമല്ല അവിടുത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ക്കുള്ളത്. ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ ഇന്ത്യാ വിരുദ്ധ നിലപാടിന്റെ പേരില്‍ മാത്രം നിലവിലെ ഭരണകൂടത്തിന് പുറത്തു പോകേണ്ടി വരും. മേയര്‍ തിരഞ്ഞെടുപ്പു നല്‍കുന്ന സൂചനയും അതു തന്നെയാണ്.

മാലിദ്വീപിനെ ഒരു രാജ്യമായി ലോകത്ത് തന്നെ ആദ്യം അംഗീകരിച്ചത് ഇന്ത്യയാണ്. മുന്‍പ് കലാപകാരികള്‍ അട്ടിമറിക്ക് ശ്രമിച്ചപ്പോള്‍ അത് പരാജയപ്പെടുത്തിയതും ജനകീയ സര്‍ക്കാറിനെ തിരികെ കൊണ്ടു വന്നതും ഇന്ത്യന്‍ സൈന്യം ഇടപെട്ടാണ്. 1988 നവംബര്‍ 3 ന് ആരംഭിച്ച സൈനിക ഓപ്പറേഷനിലൂടെ അനവധി കലാപകാരികളെയാണ് അന്ന് ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്നിരുന്നത്. ശേഷിച്ചവര്‍ ചെറുത്ത് നില്‍ക്കാന്‍ കഴിയാതെ പലായനം ചെയ്യേണ്ടി വന്നതും ചരിത്രമാണ്. ഈ സംഭവം അയല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതി ബദ്ധത എടുത്തു കാട്ടുന്നതാണ്.

ഈ ചരിത്രം മറന്നാണ് ഇപ്പോഴത്തെ മാലിദ്വീപ് ഭരണ കൂടം ഇന്ത്യന്‍ സൈന്യത്തോട് പുറത്ത് പോകാന്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യമാകട്ടെ മാലിദ്വീപിലെ വലിയ വിഭാഗം ജനങ്ങള്‍ക്കും അംഗീകരിക്കാന്‍ പറ്റാത്തതുമാണ്. അതു കൊണ്ടു തന്നെ ചൈനയുടെ കടന്നുകയറ്റം അവര്‍ ഉദ്ദേശിച്ച പോലെ നടപ്പാക്കുന്നതും എളുപ്പമല്ല. സൈനിക സഹായം മാത്രമല്ല അടിസ്ഥാന സൗകര്യങ്ങളില്‍ പോലും മാലിദ്വീപ് ഇന്നും ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. ആരോഗ്യം, വ്യവസായം, ടൂറിസം, ടെലിക്കമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുടെ സഹായമില്ലാതെ ആ രാജ്യത്തിന് മുന്നോട്ട് പോകാന്‍ കഴിയുകയില്ല.

ശ്രീലങ്ക മോഡലില്‍ മാലിദ്വീപിലും പിടിമുറുക്കാന്‍ ചൈനയ്ക്ക് അവസരം ഒരുക്കിയാല്‍ അതോടെ മാലിദ്വീപിലെ മൊയ്‌സു ഭരണകൂടം തന്നെയാണ് അട്ടിമറിക്കപ്പെടുക. മുന്‍പ് ജനകീയ സര്‍ക്കാറിനെ നിലനിര്‍ത്താനാണ് ഇന്ത്യ സൈനിക ഇടപെടല്‍ നടത്തിയതെങ്കില്‍ പുതിയ സാഹചര്യത്തില്‍ ജനവിരുദ്ധരും ഇന്ത്യാ വിരുദ്ധരുമായ സര്‍ക്കാറിനെ വീഴ്ത്താനാണ് ഇന്ത്യ നിര്‍ബന്ധിക്കപ്പെടുക. ഇതിനായി മാലിദ്വീപിലെ പ്രതിപക്ഷത്തെ ഇന്ത്യ സഹായിക്കുമോ എന്നാണ് നയതന്ത്ര വിദഗ്ദരും ഇപ്പോള്‍ ഉറ്റു നോക്കുന്നത്.

EXPRESS KERALA VIEW

Top