ബ്രിജ് ഭൂഷണെതിരായ പോക്‌സോ ഒഴിവാക്കാന്‍ സമര്‍ദ്ദം ചെലുത്തി; സാക്ഷി മാലിക്

ദില്ലി: ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ പരാതിയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പിന്‍മാറിയ സംഭവത്തില്‍ കുടുംബത്തിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ഗുസ്തി താരം സാക്ഷി മാലിക്. കുറ്റപത്രം കണ്ടശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ബ്രിജ് ഭൂഷണെതിരെ കൃത്യമായ തെളിവുകളുണ്ടെന്നാണ് ലഭിച്ച വിവരം. നേരില്‍ കണ്ട് ബോധ്യപ്പെട്ട ശേഷം തീരുമാനമെന്നും സാക്ഷി മാലിക് വിശദമാക്കി. കുറ്റപത്രത്തില്‍ ബ്രിജ് ഭൂഷന്റെ പേരുണ്ടെന്നും സാക്ഷി മാലിക് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ബ്രിജ് ഭൂഷണതിരായ കുറ്റപത്രം സമര്‍പ്പിച്ചത്. കൂടാതെ സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ പോക്‌സോ കേസ് റദ്ദാക്കാനും പൊലീസ് അപേക്ഷ നല്‍കി. കേസ് നാലിന് പരിഗണിക്കും. നല്‍കിയത് വ്യാജ പരാതിയാണെന്നും, മകള്‍ക്ക് ചാംപ്യന്‍ഷിപ്പില്‍ സെലക്ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കാരണമെന്നും കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ അച്ഛന്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം പരാതി നല്‍കിയ മറ്റ് 6 ഗുസ്തി താരങ്ങളും പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ്. അന്താരാഷ്ട്ര റഫറിയടക്കം എഫ്‌ഐആറില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് താന്‍ സാക്ഷിയാണെന്ന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ ദില്ലിയിലെത്തിയ ബ്രിജ് ഭൂഷണ്‍ കോടതിയില്‍നിന്നും അനുകൂല നടപടിയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.ഞായറാഴ്ച യുപിയിലെ ഗോണ്ടയില്‍ മോദി സര്‍ക്കാറിന്റെ ഒന്‍പതാം ഭരണ വാര്‍ഷിക പരിപാടിയിലും ബ്രിജ് ഭൂഷണ്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ ബ്രിജ് ഭൂഷണ്‍ നടത്താനിരുന്ന റാലി ബിജെപി നേതൃത്വം വിലക്കിയിരുന്നു.

അതേ സമയം അടുത്ത തവണയും മത്സര രംഗത്തുണ്ടാവുമെന്ന് ബ്രിജ് ഭൂഷണ്‍പ്രഖ്യാപനം നടത്തിയിരുന്നു. കൈസര്‍ഗഞ്ചില്‍നിന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ഗോണ്ടയിലെ റാലിയിലാണ് ബ്രിജ് ഭൂഷന്റെ പ്രഖ്യാപനം. ലൈംഗിക പീഡന പരാതിയില്‍ വലിയ വിമര്‍ശനങ്ങള്‍ നടക്കുന്നതിനിടെയാണ് ബ്രിജ് ഭൂഷന്റെ പരാമര്‍ശം.

 

 

Top