സഹകരണ പുനരുദ്ധാരണനിധി രൂപീകരണത്തോട് എതിർപ്പ് ശക്തം; സഹകാരികൾ സമരത്തിലേക്ക്

തിരുവനന്തപുരം: നഷ്ടത്തിലായ ബാങ്കുകളെ സഹായിക്കാനുള്ള സഹകരണ പുനരുദ്ധാരണനിധി രൂപീകരണത്തോട് എതിർപ്പ് ശക്തമാകുന്നു. ലാഭകരമായി പ്രവർത്തിക്കുന്ന ബാങ്കുകളുടെ തകർച്ചയിലേക്ക് തീരുമാനം വഴിവെക്കുമെന്നാണ് സഹകാരികളുടെ ആശങ്ക. പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് യുഡിഎഫ് ഭരിക്കുന്ന സഹകരണ സംഘങ്ങളുടെ തീരുമാനം.

കഴിയുന്നത്ര വായ്പ കുടിശ്ശിക പിരിച്ചെടുത്തും നിക്ഷേപങ്ങൾ സ്വീകരിച്ചുമാണ് എട്ടു കൊല്ലത്തിപ്പുറം ബാങ്ക് ലാഭത്തിലെത്തിയത്. എന്നാൽ നഷ്ടത്തിലുള്ള സംഘങ്ങളെ സഹായിക്കാനുള്ള പുനരുദ്ധാരണ നിധി രൂപീകരണം ആശങ്കയോടെയാണ് ബാങ്ക് ഭരണസമിതി കാണുന്നത്. കരുതൽ ധനവും കാർഷിക വിലസ്ഥിരത ഫണ്ടും ചേർത്തുള്ള പ്രത്യേക നിധി രൂപീകരണം ലാഭത്തിലുള്ള സംഘങ്ങളെ തകർക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. തട്ടിപ്പ് നടന്ന ബാങ്കുകളിലേക്ക് സഹായനിധി എന്ന പേരിൽ പണം നൽകാനുള്ള നീക്കത്തെ ശക്തമായി എതിർക്കും.

എന്നാൽ ലാഭത്തിലുള്ള സംഘങ്ങളെ പ്രതികൂമായി ബാധിക്കാതെ നിധി രൂപീകരണത്തിനുള്ള ചട്ടം തയ്യാറാക്കുമെന്നാണ് സഹകരണ വകുപ്പ് പറയുന്നത്. നിക്ഷേപം തിരികെ കൊടുക്കാനല്ല, നഷ്ടത്തിലായ ബാങ്കുകളെ പുനർജീവിപ്പിക്കുകയെന്ന നല്ല ഉദ്ദേശ്യത്തോടെയാണ് സർക്കാരിനെന്നും വകുപ്പ് വിശദീകരിക്കുന്നു.

Top