തൃക്കാക്കരയിൽ ശക്തമായ മത്സരം, ആത്മവിശ്വാസത്തോടെ പി.ടി തോമസ്

കോണ്‍ഗ്രസില്‍ ജനസ്വാധീനമുള്ള നേതാക്കളുടെ ഒരു പട്ടിക എടുത്താല്‍ അതില്‍ മുന്‍ നിരയില്‍ തന്നെ ഇടംപിടിക്കുന്ന നേതാവാണ് പി.ടി.തോമസ്. എടുക്കുന്ന നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതും പൊതു പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്നതുമാണ് പി.ടി.തോമസിനെ വ്യത്യസ്തനാക്കുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ ഇടപെട്ടതും പി.ടി തോമസാണ്. സംഭവ ദിവസം രാത്രി റേഞ്ച് ഐ.ജിയെയും ഡി.സി.പിയെയും നേരിട്ട് വിളിച്ചാണ് പി.ടി തോമസ് നടപടി ആവശ്യപ്പെട്ടിരുന്നത്. ഇതുപോലെ പി.ടിയുടെ ഇടപെടല്‍ ചൂണ്ടിക്കാണിക്കാന്‍ പറ്റാവുന്ന നിരവധി സംഭവങ്ങള്‍ സംസ്ഥാനത്തുണ്ട്. ഏത് പാതിരാത്രിയും ജനങ്ങള്‍ക്കു വേണ്ടി രംഗത്തിറങ്ങാന്‍ മടി കാണിക്കാത്ത രാഷ്ട്രീയ നേതാവാണ് പി.ടി തോമസ്.

ഇത്തവണ അദ്ദേഹത്തിന്റെ എതിരാളി ഡോ.ജെ ജേക്കബ് ആണ്. ഇടതുപക്ഷത്തെ സംബന്ധിച്ച് ജേക്കബിലൂടെ അട്ടിമറി വിജയമാണ് ലക്ഷ്യമിടുന്നത്. അരാഷ്ട്രീയ സംഘടനകള്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ്സിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. എന്നാല്‍ വലിയ ഭൂരിപക്ഷത്തിന് പി.ടി തോമസ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിന് യാതൊരു സംശയവുമില്ല. എത്ര വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാലും അതിന്റെ ഇരട്ടി വോട്ട് പി.ടിയുടെ പെട്ടിയില്‍ വീഴുമെന്നാണ് അണികളും അവകാശപ്പെടുന്നത്. പി.ടി.തോമസിനെ ഇക്കുറി തൃക്കാക്കര സീറ്റില്‍ നിന്നും നിയമസഭാ കാണിക്കരുതെന്ന കടുത്ത വാശി ഇത്തവണ സിപിഎമ്മിനുണ്ട്. ഡോ. ജെ.ജേക്കബിനെ രംഗത്തിറക്കിയതും അതിന്റെ ഭാഗമാണ്.

പിണറായി സര്‍ക്കാരിന്റെ കാലത്തുടനീളം ശക്തമായി നിയമസഭക്കകത്തും പുറത്തും സര്‍ക്കാറിനെ കടന്നാക്രമിച്ചതാണ് പി.ടിയോടുള്ള പകയ്ക്കു കാരണം. മുഖ്യമന്ത്രിക്കെതിരെ തുടര്‍ച്ചയായി കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ച വ്യക്തി കൂടിയാണ് പി.ടി.തോമസ്. എന്നാല്‍ ഇതൊന്നും തന്നെ തന്റെ സാധ്യതയെ ബാധിക്കില്ലെന്ന ആത്മവിശ്വാസത്തിലാണ് പി ടി തോമസ് മുന്നോട്ട് പോകുന്നത്. പരമാവധി വോട്ടര്‍മാരെ നേരിട്ടു കാണാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നിയമസഭയില്‍ പി.ടി.തോമസ് നടത്തിയ പ്രസംഗങ്ങളെല്ലാം തന്നെ പലപ്പോഴും ഭരണപക്ഷത്ത് വലിയ ബഹളത്തിനും പ്രതിഷേധത്തിനുമാണ് വഴിമരുന്നിട്ടിരുന്നത്. മുഖ്യമന്ത്രിയും പിടിയും തമ്മില്‍ വാക്ക്‌പ്പോരുണ്ടാവുന്നതും സഭയില്‍ പതിവ് കാഴ്ചയായിരുന്നു. അതുകൊണ്ട് തന്നെ പിടിയെ തളയക്കാന്‍ വളരെ നാളായി സിപിഎം ശ്രമിച്ചുവരികയുമാണ്.

ഈ സര്‍ക്കാരിന്റെ കാലത്ത് തോമസിനെതിരെ എടുത്തത് മൂന്ന് വിജിലന്‍സ് കേസുകളാണ്. ഡോക്ടര്‍ ജേക്കബിലൂടെ തൃക്കാക്കരയില്‍ പി.ടി തോമസിനെ തറപറ്റിക്കാന്‍ ആവനാഴിയിലെ സകല ആയുധങ്ങളും സി.പി.എം പ്രയോഗിക്കുന്നുണ്ട്. അത് ലക്ഷ്യസ്ഥാനത്ത് കൊള്ളുമോ എന്നതാണ് ഇനി അറിയാനുള്ളത്. എറണാകളും ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും കരുത്തുറ്റ സീറ്റാണ് തൃക്കാക്കര. കഴിഞ്ഞ തവണ സിപിഎം ചിഹ്നത്തില്‍ മത്സരിച്ച സെബാസ്റ്റ്യന്‍ പോളിനെ പി.ടി. തോമസ് തോല്‍പ്പിച്ചത് 11,996 വോട്ടുകള്‍ക്കാണ്. ഇത്തവണ പി.ടിയുടെ ഭൂരിപക്ഷം കാല്‍ലക്ഷം കടക്കുമെന്നാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

കടുത്ത മത്സരം തന്നെയാണ് തൃക്കാക്കര മണ്ഡലത്തില്‍ ഇത്തവണ അരങ്ങേറുന്നത്. പി.ടിക്ക് ഇത് അഭിമാന പോരാട്ടമാണെങ്കില്‍ മണ്ഡലം പിടിച്ചെടുക്കേണ്ടത് ഇടതുപക്ഷത്തെ സംബന്ധിച്ച് രാഷ്ട്രീയ അജണ്ട കൂടിയാണ്. മറ്റു മണ്ഡലങ്ങളില്‍ നിന്നും വ്യത്യസ്തമായി എല്ലാ ശത്രുക്കളെയും ഒറ്റക്ക് നേരിടേണ്ട അവസ്ഥയിലാണിപ്പോള്‍ പി.ടി തോമസുള്ളത്. ശത്രുക്കള്‍ സജീവമാകുന്നത് തന്റെയും മുന്നണിയുടെയും ശക്തിയാണ് വര്‍ദ്ധിപ്പിക്കുക എന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്.

 

Top