സമരം കടുപ്പിക്കുന്നു; പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരം നടക്കുന്ന ഗാസിപുര്‍ തിക്രി അതിര്‍ത്തികളിലെ ബാരിക്കേഡുകള്‍ ഡല്‍ഹി പൊലീസ് നീക്കി. ദേശീയ പാതകളിലെ ഗതാഗതം പുനസ്ഥാപിക്കാനാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, നിയന്ത്രണങ്ങള്‍ നീക്കിയതോടെ പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു. ഡല്‍ഹി അതിര്‍ത്തികളിലെ സമരം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഭാവി സമരപരിപാടികള്‍ ആലോചിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ചേരും. തുടര്‍ പ്രതിഷേധങ്ങളും യുപി മിഷന്‍ പ്രചാരണവും ചര്‍ച്ചയാകും. മാറ്റി വച്ച ലക്‌നൗ മഹാപഞ്ചായത്ത് അടുത്ത മാസം 22ന് നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

നേരത്തെ, ഹരിയാനയിലെ ബഹദൂര്‍ഘട്ടില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മടങ്ങിയ മൂന്ന് വനിതാ കര്‍ഷകര്‍ ട്രക്ക് ഇടിച്ച് മരിച്ചിരുന്നു. ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു അപകടം. പഞ്ചാബ് സ്വദേശികളായ അമീര്‍ജിത്ത് കൌര്‍, ഗുര്‍മീല്‍ കൌര്‍, ഹര്‍ന്ദീര്‍ കൌര്‍ എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലെത്തിയെ ട്രക്ക് ഡിവൈഡറിലേക്ക് പാഞ്ഞുകയറി സ്ത്രീകളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകട സമയത്ത് സ്ത്രീകള്‍ ഡിവൈഡറില്‍ ഇരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന് പിന്നാലെ ഡ്രൈവര്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ മറ്റ് മൂന്ന് പേര്‍ ചികിത്സയിലാണ്. അപകടത്തില്‍ കര്‍ഷകസംഘടനകള്‍ ദൂരുഹത ആരോപിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങി.

Top