കേരളത്തിലെ ‘പണി’ക്ക് തിരിച്ച് മറുപടി കേന്ദ്രം വക, എട്ടിന്റെ പണി സി.പി.എമ്മിന്

ബരിമല വിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്ന പിണറായി സര്‍ക്കാറിന്റെ നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാറിന്റെ ശക്തമായ മറുപടി.

ചരിത്രത്തില്‍ ഇന്നുവരെ ചേര്‍ക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് സി.പി.എം സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള റെയില്‍വേ സുരക്ഷാസേന. പൊതുപണിമുടക്കിനോട് അനുബന്ധിച്ച് തീവണ്ടി തടഞ്ഞ് റെയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസ്.

ശിക്ഷിക്കപ്പെട്ടാല്‍ 3 വര്‍ഷം തടവ് മാത്രമല്ല ശിവന്‍കുട്ടി ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ക്ക് മത്സരിക്കാനും ഇനി കഴിയില്ല. കൂടുതല്‍ നേതാക്കളെ വരും ദിവസങ്ങളില്‍ പ്രതികളാക്കുമെന്നാണ് സൂചന.

സംസ്ഥാനത്താകെ ഏതാണ്ട് രണ്ടായിരത്തിലേറെ പ്രതിഷേധക്കാര്‍ക്കെതിരെയാണ് നിലവില്‍ ആര്‍പിഎഫ് കേസെടുത്തിരിക്കുന്നത്.

വി. ശിവന്‍കുട്ടിയ്ക്ക് പുറമെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയും കേസുണ്ട്. ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തിയതിന് 174 വകുപ്പു പ്രകാരം ശിക്ഷിക്കപ്പെട്ടാല്‍ ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല. ട്രെയിന്‍ വൈകിയതു മൂലമുള്ള നഷ്ടം ഉള്‍പ്പെടെ ഭീമമായ തുക പിഴ ചുമത്തുന്ന കാര്യവും പരിഗണനയിലാണ്.

പണിമുടക്കു ദിനങ്ങളില്‍ ട്രെയിന്‍ തടയുന്നതിന്റെ ചിത്രങ്ങളും വീഡിയോയും കോടതിയില്‍ ഹാജരാക്കാനായി ആര്‍പിഎഫ് ശേഖരിച്ചിട്ടുണ്ട്. പത്രങ്ങളിലും ഓണ്‍ലൈന്‍, ടിവി തുടങ്ങിയ മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചു വന്ന ചിത്രങ്ങളും വാര്‍ത്തകളും കേസില്‍ തെളിവാകും.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകളാണ് രണ്ടു ദിവസത്തെ പണിമുടക്കിനിടെ പ്രതിഷേധക്കാര്‍ തടഞ്ഞത്. ട്രെയിന്‍ വൈകിയതിന് മിനിറ്റിന് 400 രൂപ വീതം പിഴ ചുമത്താനാണു ഇപ്പോഴത്തെ തീരുമാനം. ടിക്കറ്റ് ഇനത്തിലുള്ള നഷ്ടം മാത്രമല്ല, നിര്‍ത്തിയിടുന്ന അത്രയും സമയം അധികമായി ഉപയോഗിക്കേണ്ടിവന്ന ഡീസല്‍, വൈദ്യുതി, മറ്റു ട്രെയിനുകളുടെ ഓട്ടത്തെ ബാധിച്ചതുകൊണ്ടുണ്ടായ നഷ്ടം തുടങ്ങി വിവിധ കാര്യങ്ങളും പരിഗണിച്ചാണ് റെയില്‍വേക്കു സംഭവിച്ച നഷ്ടം കണക്കാക്കുക. വളരെ ഭീമമായ തുകയായിരിക്കും ഇത്.

സമരക്കാരെ സംബന്ധിച്ച് താങ്ങാവുന്നതിലും അപ്പുറമാണിത്. ശബരിമല വിഷയത്തില്‍ നടത്തിയ ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ ബിജെപി പ്രവര്‍ത്തകരുടെ അക്കൗണ്ടില്‍ എഴുതിച്ചേര്‍ത്ത സംസ്ഥാന സര്‍ക്കാരിനുള്ള വ്യക്തമായ മുന്നറിയിപ്പു കൂടിയാണിത്.

റെയില്‍വേ ആക്ടിലെ 147, 146, 145(ബി), 174 (എ) എന്നീ നാലു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ടു വര്‍ഷം വരെ തടവും പിഴയും ശിക്ഷയായി ലഭിക്കാം. ഒന്നിലേറെ വകുപ്പുകളില്‍ ശിക്ഷ വിധിച്ചാല്‍ മൂന്നര വര്‍ഷം വരെ ശിക്ഷ നീളാം. ട്രെയിന്‍ തടയുന്നതുമൂലം റെയില്‍വേക്ക് ഉണ്ടാവുന്ന നഷ്ടം പ്രതിഷേധക്കാരില്‍ നിന്ന് ഈടാക്കാനും വ്യവസ്ഥയുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്നുവെന്ന കുറ്റത്തിന് 154-ാം വകുപ്പ് ചുമത്താനും കഴിയും.

ശിക്ഷലഭിക്കാവുന്ന വകുപ്പുകള്‍ അതുകൊണ്ടും തീരുന്നില്ല, റെയില്‍വേയുടെ സ്ഥലത്ത് അതിക്രമിച്ചു കടക്കുന്നതിന് (147) ആറു മാസംവരെ തടവും 1000 രൂപ പിഴയും ലഭിക്കാം. യാത്രക്കാരെ ശല്യം ചെയ്യുന്നതിന് (146) 6 മാസം തടവും 500 രൂപ പിഴയും ലോക്കോ പൈലറ്റ് ഉള്‍പ്പെടെയുള്ള റെയില്‍വേ ജീവക്കാരുടെ ജോലി തടസ്സപ്പെടുത്തുന്നതിന് 6 മാസംവരെ തടവും 1000 രൂപ പിഴയും ട്രെയിന്‍ തടഞ്ഞുവെക്കുന്നതിന് രണ്ടുവര്‍ഷംവരെ തടവും 2000 രൂപ പിഴയും ലഭിക്കാവുന്നതാണ്. കൊടികളുമായി ട്രെയിനിനു മുകളില്‍ കയറി മറ്റു യാത്രക്കാരുടെ ജീവനു ഭീഷണിയുണ്ടാക്കിയെന്ന കുറ്റത്തിന് 154 വകുപ്പ് ചുമത്താനും സാധിക്കും.

ചുരുക്കി പറഞ്ഞാല്‍ കേരള പൊലീസിനെ ഉപയോഗിച്ച് സി.പി.എം, ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസിന് പകരമായി പറ്റാവുന്ന വകുപ്പുകള്‍ എല്ലാം ചേര്‍ത്തു പൂട്ടാനാണ് ആര്‍.പി.എഫിന്റെ നീക്കം.

Top