ഗുസ്തി താരങ്ങളുടെ സമരം; പൊലീസ് മദ്യപിച്ചെത്തി ആക്രമിച്ചതെന്ന് സമരക്കാർ

ദില്ലി: ജന്തർ മന്തറിലെ സംഘർഷത്തിൽ ദില്ലി പോലീസിനെതിരെ ഗുരുതര ആരോപണവുമായി സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ. മദ്യപിച്ചെത്തിയ പോലീസ് ഉദ്യോഗസ്ഥർ വനിതകളോട് അസഭ്യം പറഞ്ഞെന്നും കയ്യേറ്റം ചെയ്തെന്നും താരങ്ങൾ ആരോപിച്ചു. താരങ്ങൾ നൽകിയ ഹർജി തീർപ്പാക്കിയ സുപ്രീം കോടതി കേസ് നിരീക്ഷിക്കാനാകില്ലെന്ന് വ്യക്തമാക്കി.

മദ്യപിച്ച് എത്തിയ പോലീസ് ഉദ്യോഗസ്ഥർ വനിതാ ഗുസ്തി താരങ്ങളോട് അസഭ്യം പറഞ്ഞു, ഒരു പ്രകോപനവും ഇല്ലാതെ കയ്യേറ്റം ചെയ്തു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഗുസ്തി താരങ്ങൾ ഇന്ന് ഉയർത്തിയത്. അർദ്ധരാത്രിയിൽ നടന്ന സംഘർഷത്തില്‍ സമരക്കാരിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ദില്ലി പോലീസിന്റെ നടപടിയെ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി മമതാ ബാനർജി തുടങ്ങിയവർ വിമർശനം അറിയിച്ചു.

ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ സമരവേദിയിലെത്തി താരങ്ങളുടെ പരാതിയിൽ മൊഴിയെടുത്തു. എന്നാൽ താരങ്ങളുടെ ആരോപണങ്ങൾ പോലീസ് തള്ളി. ഉദ്യോഗസ്ഥരാരും മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞതായി ദില്ലി പോലീസ് അവകാശപ്പെട്ടു. താരങ്ങളുമായി നടന്ന ഉന്തിലും തള്ളിലും പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ദില്ലി പോലീസ് ആരോപിച്ചു. സമരക്കാർക്ക് പിന്തുണ അറിയിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് , ആർ എൽ ഡി നേതാവ് ജയന്ത് ചൗധരി തുടങ്ങി നിരവധി പേർ ഇന്ന് സമരപ്പന്തലിൽ എത്തി.

ആക്രമിച്ചാലും നീതി ലഭിക്കും വരെ സമരം തുടരുമെന്ന് താരങ്ങൾ പറഞ്ഞു. ഇതിനായി മെഡലുകൾ സർക്കാറിന് തിരികെ നൽകുമെന്നും മുന്നറിയിപ്പ് നൽകി. അതേസമയം സമരക്കാരുടെ ഹർജി പരി​ഗണിച്ച സുപ്രീം കോടതി എഫ്ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കൂടുതൽ ഇടപെടുന്നില്ലെന്നും കേസ് നിരീക്ഷിക്കാനാകില്ലെന്നും വ്യക്തമാക്കി. കൂടുതൽ വിഷയങ്ങളുണ്ടെങ്കിൽ പരാതിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. ഹൈക്കോടതിയെ സമീപിക്കാനാണ് സമരക്കാരുടെ തീരുമാനം.

Top