ഹര്‍ത്താല്‍: കെഎസ്ആര്‍ടിസി ബസിന്റെ താക്കോല്‍ ഊരി, ചില്ല് പൊട്ടിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പലയിടത്തും അക്രമങ്ങള്‍ അരങ്ങേറുന്നതായി റിപ്പോര്‍ട്ടുകള്‍. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഹര്‍ത്താലനുകൂലികള്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തിയ ശേഷം താക്കോല്‍ ഊരി കൊണ്ടുപോയി. മാത്രമല്ല കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് നടന്നതായും റിപ്പോര്‍ട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേയാണ് വ്യാപകമായ പ്രതിഷേധം നടക്കുന്നത്. തൊടുപുഴയ്ക്ക് പോകുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ താക്കോലാണ് ഊരി കൊണ്ടുപോയത്. പാലക്കാട് വാളയാറില്‍ തമിഴ്‌നാട് ആര്‍ട്ടിസി ബസിന് നേരെ കല്ലേറ്. വേളാങ്കണിയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. പാലക്കാട് കെഎസ്ആര്‍ട്ടിസി സ്റ്റാന്റിലേയ്ക്ക് പ്രകടനവുമായി എത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം വയനാട് പുല്‍പ്പള്ളിയിലും വെള്ളമുണ്ടയിലും ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. പുല്‍പ്പള്ളിയില്‍ മുന്‍കരുതലായി നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

Top