strike-agaisnt-central-government-

തിരുവനന്തപുരം: കറന്‍സി നോട്ട് നിരോധനത്തിലൂടെ സംസ്ഥാനത്തെ സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സത്യാഗ്രഹ സമരം ആരംഭിച്ചു.

വെള്ളിയാഴ്ച രാവിലെ 10 മുതല്‍ അഞ്ചുവരെ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിനുമുന്നിലാണ് സത്യാഗ്രഹം.

രാവിലെ 9.45 ന് സെക്രട്ടേറിയറ്റിലെത്താന്‍ എല്ലാ മന്ത്രിമാരോടും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. അവിടെ നിന്നും പാളയം രക്തസാക്ഷി മണ്ഡപത്തില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ച ശേഷം അവിടെ നിന്നും മുഖ്യമന്ത്രിയും മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും പ്രകടനമായി ആര്‍.ബി.ഐയുടെ മുന്നിലേക്ക് പുറപ്പെട്ടു.

10 മണിയോടെ സമരവേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിച്ചേര്‍ന്നു. വൈകുന്നേരം അഞ്ച് മണിവരെ സത്യാഗ്രഹ സമരം തുടരും.

സമരത്തിന്റെ ഭാഗമാകാന്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എത്തിച്ചേര്‍ന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റ് പ്രധാന നേതാക്കളും സമരവേദിയില്‍ അണിനിരന്നു. സമരത്തില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നിട്ടുണ്ട്.

സര്‍ക്കാര്‍ നടത്തുന്ന സമരപരിപാടികള്‍ക്ക് യുഡിഎഫ് സര്‍വ്വ പിന്തുണയും അറിയിച്ചിട്ടുണ്ട്.

ജനങ്ങളുടെ മേഖലയാണ് സഹകരണ ബാങ്കുകളെന്നും ജനകീയ പ്രസ്ഥാനമായാണ് അത് നിലനില്‍ക്കുന്നതെന്നും സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണ മേഖല അസ്ഥിരപ്പെടുത്തുന്നതിനോട് യോജിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

കുടുംബത്തിന് ഒരു ആവശ്യം വന്നാല്‍ വാണിജ്യ ബാങ്കിനെ സമീപിച്ചാല്‍ പെട്ടെന്ന് വായ്പ കിട്ടില്ല. ജനനം മുതല്‍ മരണം വരെ എല്ലാ ആവശ്യങ്ങള്‍ക്കും വായ്പ ലഭിക്കുന്ന സ്ഥാപനങ്ങളാണ് സഹകരണ സ്ഥാപനങ്ങള്‍. ഒരു കുഞ്ഞുണ്ടായാല്‍ അതിന്റെ പേരില്‍ ഒരു ചെറിയ തുക അടുത്തുള്ള സഹകരണ സംഘങ്ങളിലാണ് നിക്ഷേപിക്കുന്നത്. നീതി സ്റ്റോറുകള്‍ തുടങ്ങി, കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ആരംഭിച്ചു. സഹകരണ സ്ഥാപനങ്ങള്‍ ഡയാലിസിസ് യൂണിറ്റുകള്‍ വരെ തുടങ്ങി. അവിടെ സൗജന്യ സേവനം നല്‍കുന്നു. കേരളത്തിന്റെ സഹകരണ മേഖലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ടെന്നും പിണറായി ആരോപിച്ചു.

Top