ശമ്പള പ്രതിസന്ധി; കെഎസ്ആർടിസിയിൽ വീണ്ടും സമരം

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ വീണ്ടും സമരത്തിലേക്ക്. ശമ്പള വിതരണം അനിശ്ചിതത്വത്തിലായതോടെ തൊഴിലാളികൾ വീണ്ടും സമരം പ്രഖ്യാപിച്ചു. ഈ മാസം ആറുമുതൽ സമരം ചെയ്യുമെന്നാണ് സംഘടനകൾ പ്രഖ്യാപിച്ചത്.

ഗതാഗതസെക്രട്ടറിയും കെ എസ്ആർടിസി എംഡിയുമായ ബിജു പ്രഭാകർ വിളിച്ച യോഗത്തിൽ ശമ്പള വിതരണം സംബന്ധിച്ച് കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ച് തൊഴിലാളി യൂണിയൻ പ്രതിനിധികൾ ഇറങ്ങിപ്പോയി. തുടർന്ന് വെവ്വേറെ സമരം പ്രഖ്യാപിക്കുകയായിരുന്നു.

അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകാനാകുമോ എന്ന് യൂണിയൻ നേതാക്കൾ ചോദിച്ചു. എന്നാൽ 19 ന് മാത്രമേ ശമ്പളം നൽകാനാകൂ എന്നാണ് എംഡി അറിയിച്ചതെന്ന് യൂണിയൻ പ്രതിനിധികൾ പറഞ്ഞു. മെയിൽ 193 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് ലഭിച്ചത്.

സംസ്ഥാന സർക്കാർ 50 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നിട്ടും മറ്റെല്ലാ ബാധ്യതകളും കൊടുത്തു തീർത്തശേഷമേ ശമ്പളം നൽകൂ എന്ന മാനേജ്‌മെന്റിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് തൊഴിലാളി യൂണിയനുകൾ അഭിപ്രായപ്പെട്ടു.

Top