പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധന കര്‍ശനം; വെട്ടിലായി പഴയ വാഹനങ്ങളുടെ ഉടമകള്‍

പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധന കര്‍ശനമാക്കിയതോടെ പഴയ വാഹനങ്ങളുടെ ഉടമകള്‍ വെട്ടിലായി. പരാജയപ്പെടുന്ന വാഹനങ്ങള്‍ നിരത്തില്‍ ഇറക്കിയാല്‍ പിഴയ്ക്ക് സാധ്യതയുണ്ട്. പലരും ഒന്നിലധികം സെന്ററുകളില്‍ പരീക്ഷിച്ച് പരാജയപ്പെട്ടശേഷമാണ് വാഹനങ്ങളുടെ തകരാര്‍ പരിഹരിക്കാന്‍ ഒരുങ്ങുന്നത്.

വാഹനത്തിന്റെ തകരാറാണോ അതോ ടെസ്റ്റിങ് സംവിധാനത്തിന്റെ പോരായ്മയാണോ എന്ന് തിരിച്ചറിയാനാകില്ലെന്നതാണ് പ്രധാന പോരായ്മ. കാരണം സംസ്ഥാനത്തെ പുക പരിശോധനാകേന്ദ്രങ്ങളിലെ യന്ത്രസംവിധാനങ്ങളുടെ കൃത്യത പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്നത് അവ വില്‍പന നടത്തിയ കമ്പനികള്‍ തന്നെയാണ്. കൃത്യമായ ഫീസ് ലഭിച്ചാല്‍ സ്വന്തം ഉത്പനങ്ങളെ തള്ളിപ്പറയാത്ത കമ്പനികളാണ് ഭൂരിഭാഗവും.

അവര്‍ നല്‍കുന്ന സാക്ഷ്യപത്രം പരിഗണിച്ച് മോട്ടോര്‍ വാഹനവകുപ്പ് ടെസ്റ്റിങ് സെന്ററിന്റെ ലൈസന്‍സ് പുതുക്കി നല്‍കും. പല പരിശോധനാകേന്ദ്രങ്ങളിലും അംഗീകൃത ടെക്നീഷ്യന്‍മാരില്ല. പരിശോധനയിലെ പിഴവിന് ഇതും കാരണമാകുന്നുണ്ട്. പരിശോധനാകേന്ദ്രങ്ങളുടെ ആധികാരികത ഉറപ്പിക്കാന്‍ ഔദ്യോഗിക സംവിധാനങ്ങളൊന്നുമില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് സമ്മതിക്കുന്നുണ്ട്.

അതേസമയം, പുക പരിശോധനയില്‍ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വാഹനങ്ങളുടെ സാങ്കേതിക പോരായ്മയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു. പെട്രോള്‍ വാഹനങ്ങളിലെ ഹാനികരമായ ബഹിര്‍ഗമന വാതകങ്ങള്‍ ഹൈഡ്രോ കാര്‍ബണും, കാര്‍ബണ്‍ മോണോക്സൈഡുമാണ്.

ഇന്ധനജ്വലനത്തിലെ പോരായ്മകാരണം വാഹനങ്ങളുടെ മലിനീകരണ തോത് വര്‍ധിക്കും. എയര്‍ഫില്‍റ്റര്‍, ഓയില്‍ ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ്ഗുകള്‍, കാറ്റലിക് കണ്‍വര്‍ട്ടര്‍, കാര്‍ബുറേറ്റര്‍, ഇലക്ട്രിക്ക് ഫ്യൂവല്‍ ഇന്‍ജക്ഷന്‍ എന്നിവയിലെ തകരാര്‍ കാരണം ഈ രണ്ട് വാതകങ്ങളും കൂടുതല്‍ പുറം തള്ളാറുണ്ട്.

ജ്വലന സമയത്ത് ഇന്ധനവുമായി വായുകലരുന്നതിന്റെ അനുപാതം കൂടിയാല്‍ മോണോക്സൈഡുകള്‍ കൂടുതല്‍ പുറംതള്ളും. മറിച്ച് ഇന്ധനത്തിന്റെ തോത് കൂടിയാല്‍ ഹൈഡ്രോകാര്‍ബണ്‍ കൂടും. ഇന്ധനം കൃത്യമായി എന്‍ജിനില്‍ എത്തിയില്ലെങ്കിലും മലിനീകരണം കൂടും. വാഹനങ്ങള്‍ കൃത്യമായി പരിപാലിച്ചാല്‍ പുക പരിശോധനയില്‍ പരായപ്പെടില്ലെന്ന് അധികൃതര്‍ പറയുന്നു.

Top