കോവിഡ് വ്യാപനം; ക്വര്‍ട്ടീന ആശുപത്രി അടച്ചു, കൊച്ചിയില്‍ കനത്ത ജാഗ്രത

കൊച്ചി: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹര്യത്തില്‍ എറണാകുളം ചെല്ലാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ചെല്ലാനം ക്വര്‍ട്ടീന ആശുപത്രി അടച്ചു. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ മറ്റ് ഹാര്‍ബറുകളില്‍ പോകരുതെന്നും ബ്രോഡ്‌വെയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമാണുളളതെന്നും മന്ത്രി പറഞ്ഞു. അതേസമയം, ചെല്ലാനം 15,16 വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണുകളാക്കി. കൊച്ചി നഗരത്തില്‍ നിലവില്‍ 16 കോവിഡ് രോഗികളാണുള്ളത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

എറണാകുളം മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ആലുവ മാര്‍ക്കറ്റില്‍ സാമൂഹ്യ അകലം പാലിക്കാതെ ആളുകള്‍ കൂട്ടംകൂടിയതിനെ തുടര്‍ന്ന് നഗരസഭ അധികൃതരും പൊലീസുമെത്തി വ്യാപാരികളെ താക്കീത് ചെയ്തു. ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് ബാരിക്കേഡ് കെട്ടി.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ മാര്‍ക്കറ്റ് താത്കാലികമായി അടക്കുമെന്ന് നഗരസഭ അധികൃതര്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ആലുവ മാര്‍ക്കറ്റിലെ ഏഴ് കടകള്‍ക്ക് നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

എറണാകുളം മാര്‍ക്കറ്റില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഇന്ന് 50 പേരുടെ സാമ്പിള്‍ കൂടി ശേഖരിക്കും. കണ്ടെയിന്മെന്റ് സോണില്‍ പൂക്കാരമുക്ക് മേഖലയില്‍ താമസിക്കുന്നവരുടെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സാമ്പിളാണ് ശേഖരിക്കുക. മാര്‍ക്കറ്റില്‍ നിന്ന് 12 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

ചേര്‍ത്തല പള്ളിത്തോട് സ്വദേശിയായ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ചികിത്സിച്ച മൂന്ന് ഡോക്ടര്‍മാരും നേഴ്‌സുമാരുമടക്കമുള്ളവര്‍ നിരീക്ഷണത്തിലായി. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ പ്രസവ വാര്‍ഡ് താല്ക്കാലികമായി അടച്ചു. ഈ സ്ത്രീയുടെ ഭര്‍ത്താവ് ജോലി ചെയ്തിരുന്ന ചെല്ലാനം ഹാര്‍ബറും മുന്‍കരുതലിന്റെ ഭാഗമായി അടച്ചിരിക്കുകയാണ്.

ഇവരുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ചെല്ലാനം ഹാര്‍ബറിലെ എട്ട് മത്സ്യത്തൊഴിലാളികളും നിരീക്ഷണത്തിലാണ്. അതേസമയം, ആലപ്പുഴ ജില്ലയില്‍ കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി വ്യാപാരിക്കും പുറത്തിക്കാട് സ്വദേശിയായ മത്സ്യവ്യാപാരിക്കും എവിടെ നിന്നാണ് രോഗം പിടികൂടിയതെന്ന് ഇനിയും വ്യക്തമല്ല. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുന്നതിനാല്‍ കായംകുളം മാര്‍ക്കറ്റും നഗരസഭയിലെ എല്ലാ വാര്‍ഡുകളും അടച്ചു. തെക്കേക്കര പഞ്ചായത്തും കണ്ടെയ്‌ന്മെന്റ് സോണ്‍ ആക്കിയിരിക്കുകയാണ്.

Top