ക്വാറന്റൈന്‍ പ്രോട്ടോകോള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി; മുഖ്യമന്ത്രി

തിരുവനന്തപുരം: ക്വാറന്റൈനില്‍ കഴിയേണ്ടവര്‍ പ്രോട്ടോകോള്‍ ലംഘിച്ച് പുറത്തിറങ്ങാന്‍ പാടില്ല. അത്തരം ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ക്കശ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

പൊതു സ്ഥലങ്ങളിലേക്കാള്‍ സ്വകാര്യ സ്ഥലങ്ങളില്‍ രോഗം കൂടുതലായി വ്യാപിക്കുന്ന പ്രവണത കണ്ടു വരുന്നുണ്ട്. വീടുകള്‍, ഓഫീസുകള്‍, കടകള്‍ തുടങ്ങിയ ഇടങ്ങളില്‍ രോഗം വളരെ കൂടുതല്‍ വ്യാപിക്കുന്നതായാണ് കാണുന്നത്. പ്രധാനമായും രണ്ടു കാരണങ്ങളാണ് ഇതിന് ഇടയാക്കുന്നത്. ഒന്നാമത്തെ പ്രശ്‌നം ഇവ കൃത്യമായ വായു സഞ്ചാരമില്ലാത്ത രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത് എന്നതാണ്.

അടഞ്ഞു കിടക്കുന്ന മുറികള്‍ രോഗവ്യാപനത്തെ ത്വരിതപ്പെടുത്തും. ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുമ്പോള്‍ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്. സാധ്യമാകുന്നിടത്തൊക്കെ എ.സി. ഒഴിവാക്കണം. സ്ഥാപനത്തിലുള്ള എല്ലാവരും മാസ്‌ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാന്‍ എല്ലാവരും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. സ്ഥാപനങ്ങളില്‍ തിരക്ക് അനുവദിക്കരുത്.

പൊതുസ്ഥലത്ത് പുലര്‍ത്തുന്ന ശ്രദ്ധ മിക്കയാളുകളും സ്വന്തം വീടുകളിലോ ജോലി സ്ഥലത്തോ കാണിക്കുന്നില്ല. അശ്രദ്ധമായ പെരുമാറ്റ രീതികള്‍ രോഗവ്യാപനത്തെ വര്‍ദ്ധിപ്പിക്കുന്നു. വീട്ടില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ മറ്റെല്ലാവര്‍ക്കും രോഗം പിടിപെടുമെന്ന അവസ്ഥയാണുള്ളത്. അത്ര നിഷ്പ്രയാസം സാധിക്കാവുന്ന കാര്യമല്ലെങ്കിലും, വീടുകളിലും തൊഴില്‍ സ്ഥലങ്ങളിലും കൂടുതല്‍ മികച്ച രീതിയില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഓഫീസുകളും സ്ഥാപനങ്ങളും തുറന്നിരിക്കുന്ന ഈ സമയത്ത് എല്ലാവരും അടിസ്ഥാനപരമായ പ്രതിരോധ മാര്‍ഗങ്ങളില്‍ ശ്രദ്ധ വെക്കണം. പുറത്തിറങ്ങുന്നവര്‍ എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ഉപയോഗിക്കണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്.

Top