Strict action for anti-India slogans: Rajnath Singh on JNU students

ന്യൂഡല്‍ഹി: ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വച്ചുപൊറുപ്പിയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായി പ്രവര്‍ത്തിയ്ക്കുന്നവരെ വെറുതെ വിടില്ലെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പരിപാടിയ്ക്കിടെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു എന്ന ആരോപണത്തോട് പ്രതികരിയ്ക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

ജെ.എന്‍.യു സംഭവത്തില്‍ കര്‍ശന നടപടി എടുക്കാന്‍ ഡല്‍ഹി പൊലീസീന് നിര്‍ദ്ദേശം നല്‍കിയതായി രാജ്‌നാഥ് സിംഗ് പറഞ്ഞു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികദിനമായിരുന്ന ഫെബ്രുവരി 9ന് ക്യാമ്പസില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം.

എ.ബി.വി.പിയുടെ പരാതിയെ തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ പരിപാടിയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇത് അവഗണിച്ചായിരുന്നു പരിപാടി. എ.ബി.വി.പിയുടേയും ബി.ജെ.പി എം.പി മഹേഷ് ഗിരിയുടേയും പരാതികള്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു.

Top