ഹര്‍ത്താല്‍: അക്രമികളെ ഉടനടി അറസ്റ്റ് ചെയ്യണം; കർശനനിർദേശവുമായി ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: നാളെ ഹര്‍ത്താലിനിടെ അക്രമങ്ങള്‍ തടയാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി

പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ കൈയ്യില്‍ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ, സ്വത്തു വകകളില്‍ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക.

അക്രമത്തിന് മുതിരുകയോ നിര്‍ബന്ധമായും കടകളും സ്ഥാപനങ്ങളും അടപ്പിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരെ ഉടനടി അറസ്റ്റ് ചെയ്യും. കടകള്‍ തുറന്നാല്‍ ആവശ്യമായ സംരക്ഷണം നല്‍കും. ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

സര്‍ക്കാര്‍ ഓഫീസുകള്‍, കെഎസ്ഇബി, മറ്റ് ഓഫീസുകള്‍ എന്നിവയ്ക്ക് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തണം. കെഎസ്അര്‍ടിസി ബസുകള്‍ക്കും സ്വകാര്യ ബസുകള്‍ക്കും തടസം കൂടാതെ സര്‍വീസ് നടത്തുന്നതിന് സൗകര്യം ഒരുക്കും. കോടതികളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമായ സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റും പട്രോളിംഗും ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഓഫീസിന് മതിയായ സംരക്ഷണം ഒരുക്കണം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് റേഞ്ച് ഐജിമാരോടും സോണല്‍ എഡിജിപിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Top