മോദിയുടെ സിഎഎ പരാമര്‍ശം; നൈമിഷികമായ കാര്യങ്ങളില്‍ മറുപടി നല്‍കാനില്ലെന്ന്…

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി ആരുടെയും പൗരത്വം കളയാനല്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്ന് രാമകൃഷ്ണന്‍ മിഷന്‍ ജനറല്‍ സെക്രട്ടറി സ്വാമി സുവീരാനന്ദ. തങ്ങളുടേത് തികച്ചും രാഷ്ട്രീയമില്ലാത്ത സമിതിയാണെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ് തങ്ങളുടെ വിശ്വാസമെന്നും അതുകൊണ്ട് തന്നെ നൈമിഷികമായ കാര്യങ്ങളില്‍ മറുപടി നല്‍കാനില്ലെന്നും സ്വാമി സുവീരാനന്ദ വ്യക്തമാക്കി.

പൗരത്വനിയമ ഭേദഗതി ആരുടേയും പൗരത്വം എടുത്ത് കളയാനല്ല പൗരത്വം നല്‍കുന്നതിനു വേണ്ടിയാണ്. ഇക്കാര്യത്തില്‍ ഒരു വിഭാഗം യുവാക്കള്‍ വഴിതെറ്റുകയാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. രണ്ട് ദിവസത്തെ ബംഗാള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി രാമകൃഷ്ണ മിഷന്‍ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് മോദി പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പരാമര്‍ശിച്ചത്.

ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള സന്ന്യാസികളാണ് ഈ പ്രസ്ഥാനത്തിന് കീഴിലുള്ളത്. ഒരേ മാതാപിതാക്കളുടെ മക്കളായി, സഹോദരങ്ങളെപ്പോലെയാണ് തങ്ങള്‍ കഴിയുന്നത്. നരേന്ദ്ര മോദി ഇന്ത്യയുടെയും മമതാ ബാനര്‍ജി പശ്ചിമ ബംഗാളിന്റേയും നേതാക്കളാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Top