തെരുവിലെ സമരം പിൻവലിച്ചത് താരങ്ങൾക്കിടയിലെ അസ്വാരസ്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി : ബിജെപി എംപിയും ദേശീയ റെസ്‌ലിങ് ഫെഡറേഷൻ അധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ടു നടത്തിവന്ന സമരം പിൻവലിക്കാൻ കാരണം സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന താരങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങളെന്നു സൂചന.

ആദ്യം മുതൽ സമരരംഗത്തുണ്ടായിരുന്ന രാജ്യാന്തര താരങ്ങളായ സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ എന്നിവർ ഞായറാഴ്ച രാത്രിയാണ് ഇനി തെരുവിൽ സമരമില്ലെന്നു സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കോടതിയിൽ പോരാട്ടം തുടരുമെന്നും ഇവർ വ്യക്തമാക്കി. ഏതാനും ദിവസം മുൻപു ഗുസ്തി താരം ബബിത ഫോഗട്ടിനെ വിമർശിച്ചു സാക്ഷി മാലിക്കും ഭർത്താവ് സത്യവർധ് കഠിയാനും വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. മേയ് 28ന് പുതിയ പാർലമെന്റ് പാർലമെന്റ് മന്ദിരത്തിനു മുന്നിൽ വനിതകളുടെ മഹാപഞ്ചായത്തു നടത്താൻ തീരുമാനിച്ചതു ഖാപ് നേതാക്കൾ ചേർന്നാണെന്നും തങ്ങൾക്ക് അതിൽ പങ്കില്ലെന്നും സാക്ഷി വിഡിയോയിൽ പറഞ്ഞു.

സമരരംഗത്തുള്ള മറ്റു താരങ്ങളുമായി കൂടിയാലോചനയില്ലാതെ വിഡിയോ ചെയ്തത് ഉചിതമായില്ലെന്നു വിനേഷ് ഫോഗട്ട് പ്രതികരിച്ചിരുന്നു. താരങ്ങൾ തമ്മിൽ പൊരുത്തക്കേടുകൾ രൂപപ്പെട്ടതോടെ സമരം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയും രൂപപ്പെട്ടു. ഇതേത്തുടർന്നാണു പ്രത്യക്ഷ സമരം അവസാനിപ്പിക്കാനുള്ള തീരുമാനമെന്നാണു വിവരം. ഇതിനിടെ, ബ്രിജ്ഭൂഷണിനെതിരെ ഡൽഹി പൊലീസ് നൽകിയ കുറ്റപത്രത്തിന്റെ പകർപ്പു തേടി ഗുസ്തി താരങ്ങൾ കോടതിയെ സമീപിച്ചു. മാനഭംഗ ഉദേശ്യത്തോടെ കയ്യേറ്റമോ ബലപ്രയോഗമോ (354), ലൈംഗികച്ചുവയോടെയുള്ള പരാമർശങ്ങൾ (354എ), അസംതൃപ്തി അറിയിച്ചശേഷവും ലൈംഗികോദ്ദേശ്യത്തോടെ പിന്നാലെ കൂടൽ (354ഡി) എന്നീ വകുപ്പുകൾ ചുമത്തിയാണു 15ന് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

അഡീഷനൽ ചീഫ് മെട്രൊപ്പൊലിറ്റൻ മജിസ്ട്രേറ്റ് ഹർജീത് സിങ് ജസ്പാൽ ഇന്നു കുറ്റപത്രം പരിഗണിക്കും. പ്രായപൂർത്തിയാകാത്ത താരം മൊഴിയിൽ മാറ്റം വരുത്തിയതും കേസ് അവസാനിപ്പിക്കാൻ പൊലീസ് നോട്ടിസ് നൽകിയതും സമരരംഗത്തുള്ളവർക്കു തിരിച്ചടിയായിരുന്നു. ഏഷ്യൻ ഗെയിംസ്, ലോക ചാംപ്യൻഷിപ് മത്സരങ്ങൾ അടുത്തെത്തിയതും സമരത്തിൽ നിന്നു പിൻവാങ്ങാനുള്ള കാരണമായി ചില താരങ്ങൾ വിശദീകരിക്കുന്നു. ഒളിംപിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ വിനേഷ് ഫോഗട്ട് എന്നിവരെല്ലാം സമരത്തിലായിരുന്നതിനാൽ ഏതാനും മാസങ്ങളായി പരിശീലന രംഗത്തുണ്ടായിരുന്നില്ല. ഇവർക്ക് ഓഗസ്റ്റിൽ ട്രയൽസ് നടത്തുമെന്നാണു ഭരണ സമിതി അറിയിച്ചിരിക്കുന്നത്. സമരരംഗത്തു വീണ്ടുമെത്തിയാൽ പരിശീലനത്തെ ബാധിക്കുമെന്നും ഈ സാഹചര്യത്തിലാണു താരങ്ങൾ പിൻമാറിയതെന്നും ചിലർ പ്രതികരിച്ചു. ഈ മാസം 7ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം സമരം ഒരാഴ്ചത്തേക്കു നിർത്തിവയ്ക്കാൻ താരങ്ങൾ തീരുമാനിച്ചിരുന്നു.

Top