അഫ്ഗാനിസ്ഥാന്‍ പതാകയുമായി തെരുവില്‍ പ്രതിഷേധം; സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പതാകയുമായി തെരുവില്‍ പ്രതിഷേധിക്കാനിറങ്ങിയവര്‍ക്ക് നേരെ വെടിയുതിര്‍ത്ത് താലിബാന്‍. ഓഫീസുകളില്‍ അഫ്ഗാനിസ്ഥാന്‍ പതാക തന്നെ തുടരണമെന്ന ആവശ്യവുമായാണ് ഇവര്‍ തെരുവിലിറങ്ങിയത്. താലിബാന്‍ പതാക ബഹിഷ്‌കരിച്ച് അഫ്ഗാന്‍ പതാകയുമേന്തി പ്രതിഷേധിച്ച ആളുകള്‍ക്ക് നേരെ താലിബാനികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ എത്ര പേര്‍ മരണപ്പെട്ടെന്നോ എത്ര പേര്‍ക്ക് പരുക്ക് പറ്റിയെന്നോ വ്യക്തമല്ല. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താലിബാനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഒരുകൂട്ടം യുവതികള്‍ നേരത്തെ താലിബാനെതിരെ പരസ്യ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഈ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്തെ ഭരണം പിടിച്ചടക്കിയതിനു ശേഷം താലിബാനെതിരെ നടക്കുന്ന ആദ്യ പ്രതിഷേധമായിരുന്നു ഇത്.

സായുധരായ താലിബാനികള്‍ നോക്കിനില്‍ക്കെയാണ് സ്ത്രീകള്‍ പ്രതിഷേധപ്രകടനം നടത്തുന്നത്. സമത്വം വേണമെന്നതാണ് അവര്‍ മുന്നോട്ടുവെക്കുന്ന ആവശ്യം. പുരുഷന്മാര്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ തങ്ങള്‍ക്കും ലഭിക്കണമെന്ന് സ്ത്രീകള്‍ മുദ്രാവാക്യം മുഴക്കുന്നത് കാണാം. സമീപത്തുള്ള താലിബാനി ഇവരോട് സംസാരിക്കുന്നതും വിഡിയോകളില്‍ കാണാം.

അതേസമയം, യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിരുന്നു. സമാധാനമാണ് തങ്ങളുടെ ലക്ഷ്യമെന്നും താലിബാന്‍ പറഞ്ഞു. ആരോടും ശത്രുതയില്ലെന്നും അഫ്ഗാനിസ്താനിലുള്ള ആരേയും ഉപദ്രവിക്കില്ലെന്നും താലിബാന്‍ പറഞ്ഞു. അഫ്ഗാന്‍ പിടിച്ചതിന് ശേഷമുള്ള ആദ്യ വാര്‍ത്തസമ്മേളനത്തിലാണ് വക്താവിന്റെ പ്രതികരണം.

 

Top