തൃക്കാക്കരയില്‍ തെരുവുനായ്ക്കളെ കഴുത്തില്‍ കുരുക്കിട്ട് കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: കാക്കനാട്ട് തെരുവുനായ്ക്കളെ കമ്പിയില്‍ കുരുക്കി കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. നായ്ക്കള്‍ക്ക് വിഷം കുത്തിവച്ചതായും പരാതിയുണ്ട്. വ്യാഴാഴ്ച രാവിലെ തൃക്കാക്കര, കാക്കനാട് ഗ്രീന്‍ഗാര്‍ഡന്‍ റോഡിലാണ് സംഭവം.

കെ.എല്‍ 40 രജിസ്‌ട്രേഷന്‍ വാനിലെത്തിയ മൂന്നംഗ സംഘം കമ്പികൊണ്ട് നായ്ക്കളെ കഴുത്തില്‍ കുരുക്കി വിഷം കുത്തിവച്ച് കൊലപ്പെടുത്തി വാനിലേക്ക് വലിച്ചെറിയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് തൊട്ടടുത്ത വീട്ടിനു മുന്നില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞത്
നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ നഗരസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി എന്നാണ് നായ് പിടിത്തക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ നായപിടിത്തത്തിന് ആരെയും നിയോഗിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ പ്രതികരണം.

സംഭവത്തില്‍ മൃഗസ്‌നേഹികളുടെ സംഘടനയായ എസ്.പി.സി.എ നല്‍കിയ പരാതിയില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തു. നായപിടിത്തക്കാരില്‍ നിന്ന് സിറിഞ്ചുകളും വിഷപദാര്‍ഥങ്ങളും പിടികൂടി. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

കൊലപ്പെടുത്തിയ നായ്ക്കളെ തൃക്കാക്കര നഗരസഭയോട് ചേര്‍ന്നുള്ള പുരയിടത്തില്‍ കുഴിച്ചിട്ടതായി ഇവര്‍ സമ്മതിച്ചു. ഇവയെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് മൃഗസ്‌നേഹികള്‍ ആവശ്യപ്പെട്ടു. സംഭവം നഗരസഭയുടെ അറിവോടെ അല്ലെന്നും നായപിടിത്തക്കാര്‍ക്കെതിരെ നഗരസഭ പരാതി നല്‍കുമെന്നും തൃക്കാക്കര സഗരസഭ ചെയര്‍ പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പറഞ്ഞു.

നായ്ക്കളോടുളള ക്രൂരതയ്‌ക്കെതിരെ ദിവസങ്ങള്‍ക്കുമുമ്പ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. നായ്ക്കളുടെ വന്ധ്യംകരണം പോലും ശാസ്ത്രീയമായി വേണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

 

 

Top