തൃക്കാക്കരയില്‍ തെരുവുനായകളെ കൊന്ന കേസ്; മൂന്ന് പേര്‍ പൊലീസ് പിടിയില്‍

എറണാകുളം : തൃക്കാക്കരയില്‍ തെരുവുനായകളെ കൊന്ന കേസില്‍ മൂന്ന് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പ്രബീഷ്, രഘു, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സ്വദേശികളാണ് പ്രതികള്‍.നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരമാണ് നായകളെ കൊന്നതെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി.

തെരുവുനായകളെ കമ്പിയില്‍ കുരുക്കി കൊല്ലുന്നത് നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു.തുടര്‍ന്ന്, നഗരസഭയുടെ നിര്‍ദേശപ്രകാരമാണ് കൊലപ്പെടുത്തിയതെന്ന് കസ്റ്റഡിയിലായവര്‍ പറഞ്ഞു. മൂന്നംഗ സംഘം കമ്പികൊണ്ട് നായകളെ കഴുത്തില്‍ കുരുക്കി വിഷം കുത്തിവച്ച് കൊലപ്പെടുത്തി വാനിലേക്ക് വലിച്ചെറിയുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞതാണ് വഴിത്തിരിവായത്.

എന്നാല്‍, തെരുവ് നായകളെ കൊല്ലാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. മൃഗസ്‌നേഹികളുടെ സംഘടനയായ എസ്.പി.സി.എ നല്‍കിയ പരാതിയിലാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്തത്.

തുടര്‍ന്ന് കൊലപ്പെടുത്തിയ മൃഗങ്ങളെ തൃക്കാക്കര നഗരസഭയോട് ചേര്‍ന്നുള്ള പറമ്പില്‍ കുഴിച്ചിട്ടതായി കണ്ടെത്തി. നായകളെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്‌കരിക്കുകയായിരുന്നു.

 

Top