തെരുവുനായ ആക്രമണം; സുപ്രീംകോടതി അടിയന്തരവാദം കേള്‍ക്കണമെന്നാവശ്യം

 

 

ദില്ലി: തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് അടിയന്തരവാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീംകോടതിയില്‍. അപേക്ഷക്കൊപ്പം ദ്യശ്യങ്ങളും സമര്‍പ്പിച്ചു. മുഴുപ്പിലങ്ങാട് ഉള്‍പ്പെടെ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടും. പേപ്പട്ടികളെയും ആക്രമകാരികളായ തെരുവ് നായ്ക്കളെയും ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് അവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ തെരുവ് നായകളുടെ അക്രമം വര്‍ധിക്കുകയാണെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. നേരത്തെ തെരുവ് നായ ആക്രമണവുമായി ബന്ധപ്പെട്ട് കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ ആണ് പി പി ദിവ്യയ്ക്ക് വേണ്ടി സുപ്രീം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തത്.

കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവ് നായ അക്രമത്തില്‍ ഗുരുതരമായി പരുക്കെറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നാം ക്ലാസുകാരി ജാന്‍വി അപകട നില തരണം ചെയ്തു. കുട്ടിയുടെ കാലിലും തലയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വീട്ടുമുറ്റത്ത് വെച്ചാണ് കുട്ടിയെ തെരുവ് നായകള്‍ വളഞ്ഞിട്ട് ആക്രമിച്ചത്. രക്ഷിതാക്കള്‍ ഓടിയെത്തിയതിനാലാണ് വന്‍ അപകടം ഒഴിവായത്. ഏതാനും ദിവസം മുന്‍പാണ് ഇതേ പഞ്ചായത്തിലാണ് 11 വയസുകാരന്‍ നിഹാല്‍ നൗഷാദിനെ തെരുവ് നായകള്‍ കടിച്ചു കൊന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെരുവ് നായകളെ പിടികൂടുന്നത് ഊര്‍ജ്ജിതമാക്കും എന്ന് ജില്ലാപഞ്ചത്തത് അധികൃതര്‍ അറിയിച്ചു.

 

Top