ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പര രാജ്യത്ത് സംപ്രേഷണം ചെയ്യുക ആമസോണ്‍ പ്രൈമില്‍ മാത്രം

വെല്ലിംഗ്ടണ്‍: ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം ഈ മാസം 18ന് ടി20 പരമ്പരയോടെ ആരംഭിക്കാനിരിക്കുകയാണ്. പരമ്പരയുടെ ഇന്ത്യയില സംപ്രേഷണം ആമസോണ്‍ പ്രൈമിലൂടെ മാത്രമായിരിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ആമസോണ്‍ പ്രൈമില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നത്. ആരാധകര്‍ക്ക് ഒട്ടേറെ പുതുമകള്‍ സമ്മാനിച്ചായിരിക്കും ഇത്തവണ ആമസോണ്‍ പ്രൈം ലൈവ് സ്ട്രീമിംഗ് നടത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ വിട്ടുനില്‍ക്കുന്ന പരമ്പരയില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണും ടി20, ഏകദിന ടീമുകളിലുണ്ട്.

മത്സരം കാണാനുള്ള ഭാഷ തെരഞ്ഞെടുക്കാനും റാപ്പിഡ് റീ ക്യാപ് തുടങ്ങിയ പുതിയ പരീക്ഷണങ്ങളും ലൈവ് സ്ട്രീമിംഗിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൈവ് സ്ട്രീമിംഗിനിടെ തന്നെ ഭാഷ മാറ്റാനും കാഴ്ചക്കാരന് സൗകര്യമുണ്ടായിരിക്കും.മത്സരത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ റാപ്പി‍‍ഡ് റീ ക്യാപ് എന്ന ഓപ്ഷനിലൂടെ കാണാനാകും. കമന്‍ററിയും ഗ്രാഫിക്സും ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ലഭ്യമാകും. വീഡിയോ കമന്‍ററിക്കായി രവി ശാസ്ത്രി, ഹര്‍ഷ ഭോഗ്‌ലെ, സഹീര്‍ ഖാന്‍, അഞ്ജും ചോപ്ര, ഗുണ്ടപ്പ വിശ്വനാഥ്, വെങ്കടപതി രാജു തുടങ്ങിയ പ്രമുഖരുമുണ്ടാകും.

ന്യൂസിലന്‍ഡ് പരമ്പര ഇന്ത്യയില്‍ ആമസോണ്‍ പ്രൈമിലൂടെ മാത്രമാകും ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ട്. 18ന് തുടങ്ങുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്ക് ശേഷം മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കും. ശിഖര്‍ ധവാനാണ് ഏകദിന ടീമിനെ നയിക്കുന്നത്

Top