stray dog attack in Kollam

കൊല്ലം: ചാത്തന്നൂരില്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്. നെടുമ്പന പഞ്ചായത്തിലെ ഇളവൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ക്ഷേത്രദര്‍ശനത്തിന് പോയ വൃദ്ധ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് കടിയേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചിറക്കരത്താഴത്ത് കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ തെരുവ് നായ്ക്കള്‍ കൂട്ടമായെത്തി കോഴികളെ കടിച്ചു കൊന്നു. ഫാമിലുണ്ടായിരുന്ന എന്‍പതോളം കോഴികളെയാണ് ഇരുപതോളം തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നത്. ഫാമിന്റെ താഴ് ഭാഗം കട്ടകെട്ടി മറച്ചതിന് ശേഷം ഇരുമ്പുവലകൊണ്ടു നിര്‍മ്മിച്ച കൂടാണ് തെരുവ് നായ്ക്കള്‍ തര്‍ത്തു അകത്ത് കടന്നു കോഴികളെ കടിച്ചുകൊന്നത്.

കോഴികളുടെയും തെരുവ് നായ്ക്കളുടെയും ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. കോഴികളെ രക്ഷിക്കാന്‍ ചെന്ന ആളുകള്‍ക്കു നേരെയും തെരുവ് നായ്ക്കള്‍ ആക്രമിക്കാന്‍ മുതിര്‍ന്നു. ആറ് മാസം മുമ്പ് ഇതേ സ്ഥലത്ത് ആടുകളെയും തെരുവ് നായ്ക്കള്‍ ആക്രമിച്ചിരുന്നു.

പള്ളിമണിലും പരിസര പ്രദേശങ്ങളിലും തെരുവ്‌നായ ശല്യം മൂലം ജനം ഭീതിയിലാണ്. വിദ്യാര്‍ഥികള്‍ക്കും ഇരുചക്രവാഹന യാത്രികര്‍ക്കുമാണ് തെരുവു നായ്ക്കള്‍ കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. പകലും രാത്രിയും വീടിനു പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇവിടെ കൂട്ടമായി എത്തിയാണ് തെരുവ് നായ്ക്കളുടെ ആക്രമണം.

Top