stray dog attack in Malappuram

മഞ്ചേരി : മലപ്പുറത്ത് തെരുവ് നായയുടെ കടിയേറ്റ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്ക്.

നഗരത്തിലെ എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നു വിദ്യാര്‍ഥികള്‍ക്കും മലപ്പുറം ഗവ. കോളജ് വിദ്യാര്‍ഥിനിക്കുമാണ് തെരുവുനായയുടെ കടിയേറ്റത്.

നാലുപേരെയും കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമികശുശ്രൂഷ നല്‍കിയ ശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. എംഎസ്പി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളായ ഹുസ്‌ന, ആകാശ്, ഫര്‍സാന എന്നിവര്‍ക്കും കോളജ് വിദ്യാര്‍ഥിനി രഞ്ജിതയ്ക്കുമാണ് കടിയേറ്റത്.

നാലുപേരെയും കടിച്ചത് ഒരു നായയാണെന്നാണ് നിഗമനം. സ്‌കൂളിനോടു ചേര്‍ന്നുള്ള ജല അതോറിറ്റി ശുദ്ധീകരണ പ്ലാന്റിനു സമീപത്തുവച്ച് ആകാശിനെ കടിച്ച നായ പിന്നീട് ഹുസ്‌നയെയും ഫര്‍സാനയെയും പിന്നാലെയോടി ആക്രമിക്കുകയായിരുന്നു. വീണുപോയ വിദ്യാര്‍ഥിനികളിലൊരാള്‍ക്ക് ശരീരമാസകലം മുറിവുപറ്റിയിട്ടുണ്ട്. ഒരു കിലോമീറ്റര്‍ അകലെ കാവുങ്ങല്‍ ബൈപാസില്‍ വച്ചാണ് രഞ്ജിതയ്ക്കു കടിയേറ്റത്.

Top