കണ്ണൂർ വീണ്ടും തെരുവുനായ ആക്രമണം; മൂന്നാം ക്ലാസുകാരിക്ക് ആഴത്തിൽ മുറിവ്

കണ്ണൂർ : മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ്‌‌ക്കൾ കുട്ടിയെ ആക്രമിച്ചു. പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാർഥി ജാൻവിയെ (9) ആണു നായ്ക്കൾ കടിച്ചു പരുക്കേൽപിച്ചത്. വീടിന്റെ മുറ്റത്തുനിന്ന് കളിക്കുകയായിരുന്ന കുട്ടിയെ നായ കടിച്ചെടുത്ത് കൊണ്ടുപോകാനുള്ള ശ്രമവും നടത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടിയുടെ തലയ്ക്കും വയറിലും തുടയിലും കൈയിലും ആഴത്തിൽ മുറിവുണ്ട്. പരുക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഏതാനും ദിവസം മുൻപാണ് മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തിൽ പത്തുവയസ്സുകാരൻ നിഹാൽ മരിച്ചത്. തുടർന്ന് മുഴുപ്പിലങ്ങാട് പ്രദേശത്തുനിന്ന് 31 തെരുവുനായ്ക്കളെ പിടികൂടി. തന്റെ മകനുണ്ടായ അനുഭവം ഇനി മറ്റൊരാൾക്കും വരാതിരിക്കാൻ അക്രമകാരികളായ തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാനുള്ള നടപടി വേണമെന്ന് മരിച്ച നിഹാലിന്റെ പിതാവ് നൗഷാദ് ആവശ്യപ്പെട്ടിരുന്നു.

Top