തോല്‍വിയില്‍ നിന്നും അവന്‍ നീന്തിയത് ഐ.എ.എസിലേക്ക് . . .

രാജ്യത്തെ ഐ.എ.എസുകാരിലെ യഥാര്‍ത്ഥ ഹീറോ എന്ന് പറയുന്നത് ഈ യുവാവിനെയാണ്. റാണിപേട്ട് സബ് കളക്ടര്‍ കെ. ഇളംബഹവത് ആണ് ഈ മിടുക്കന്‍.

പരമ്പരാഗത വിദ്യാഭ്യാസ രീതിക്കും അപ്പുറം ഒരു പരീക്ഷണം നടത്തിയാണ് ഇളംബഹവത് ഐ.എ.എസ് പട്ടം നേടിയത്. വളരെ ചെറുപ്പത്തില്‍ തന്നെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കേണ്ടി വന്നയാളാണ് ഇളംബഹവത്. 1997ല്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇളംബഹവതിന്റെ സ്വപ്‌നങ്ങള്‍ക്ക് വിള്ളലേല്‍പ്പിച്ച് പിതാവ് മരിക്കുന്നത്. അതുവരെ വില്ലേജ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസറായിരുന്ന പിതാവിന്റെ വരുമാനമാനത്തിലായിരുന്നു കുടുംബം ജീവിച്ചത്.

പിതാവിന്റെ മരണത്തോടെ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട കുടുംബത്തിന് താങ്ങാവാനായി പഠനം നിര്‍ത്തി അമ്മയെ കൃഷിയില്‍ സഹായിക്കാന്‍ ഇളംബഹവത് തീരുമാനിച്ചു. അതോടെ പഠനം നിലച്ചു.കൃഷിയില്‍ നിന്നുള്ള തുച്ഛ വരുമാനം ജീവിതം ഏറെ ദുസ്സഹമാക്കിമാറ്റി. ഇതോടെ ജൂനിയര്‍ അസിസ്റ്റന്‍ഡ് പോലുള്ള ചെറിയ തസ്തികകളിലേക്ക് അപേക്ഷിച്ചെങ്കിലും ജോലി കിട്ടിയില്ല. അധികാര സ്ഥാനങ്ങളിലുണ്ടായിരുന്നവര്‍ ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് ആ ജോലി നല്‍കുന്നതിന് അദ്ദേഹം പലപ്പോഴും സാക്ഷിയായി.

പിതാവ് മരണപ്പെട്ട നാള്‍ മുതലുള്ള ഒമ്പത് വര്‍ഷം ജീവിത മാര്‍ഗം തേടി വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും കയറിയിറങ്ങിയെങ്കിലും ഇളംബഹവതിനെ സഹായിക്കാന്‍ ആരും തയ്യാറായില്ല. ഇക്കാലയളവിലൊക്കെയും ഉച്ചവരെ കൃഷിയിടത്തിലും ശേഷം വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി അന്വേഷിച്ചുള്ള നടത്തത്തിലുമായിരുന്നു ഇളംബഹവത്. പക്ഷേ അതുകൊണ്ട് പ്രത്യേകമായി ഒരു നേട്ടവും ലഭിച്ചില്ല.

ജോലി തേടി നടന്ന കാലയളവില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്നും പലപ്പോഴായി നല്ലതല്ലാത്ത അനുഭവം നേരിടേണ്ടിവന്നതോടെയാണ് സമൂഹത്തിനും കഷ്ടത അനുഭവിക്കുന്നവര്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന ഒരു ജോലി നേടണമെന്ന ആഗ്രഹം ഇളംബഹവതിന് ഉണ്ടായത്. അതിനുശേഷം സ്വന്തംനിലയില്‍ സിവില്‍ സര്‍വീസിന് തയ്യാറെടുപ്പുകള്‍ തുടങ്ങുകയും മദ്രാസ് സര്‍വകലാശാലയില്‍നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ഹിസ്റ്ററിയില്‍ ബിരുദം പൂര്‍ത്തിയാക്കുകയും ചെയ്തു.സമീപത്തുള്ള പബ്ലിക് ലൈബ്രറിയില്‍നിന്നാണ് ഇളംബഹവത് സിവില്‍ സര്‍വീസിനുള്ള പഠനം ആരംഭിച്ചത്.

ഇളംബഹവതിനെ പഠനത്തില്‍ സഹായിക്കാനായി അന്ന് കൂടെ ഒമ്പത് പേരുണ്ടായിരുന്നു. റിട്ടയേഡ് ഹെഡ്മാസ്റ്ററായ പണീര്‍ ശെല്‍വം ഉള്‍പ്പെടെയുള്ളവര്‍ ആയിരുന്നു അദ്ദേഹത്തിന്റെ സഹായത്തിനെത്തിയത്. പിന്നീട് പരീക്ഷയിലൂടെ തമിഴ്നാട് സര്‍ക്കാരിന്റെ സൗജന്യ സിവില്‍ സര്‍വീസ് പരിശീലനത്തിന് അദ്ദേഹം യോഗ്യത നേടി. എന്നാല്‍ ആദ്യ മൂന്ന് തവണയും സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരാജയം രുചിക്കേണ്ടി വന്നു. എന്നാല്‍ ഇതിനിടയ്ക്ക് തമിഴ്നാട് പി.എസ്.സിയുടെ പല പരീക്ഷകളിലും മികച്ച വിജയം നേടാനായി. പഞ്ചായത്തില്‍ അസിസ്റ്റന്‍ഡ് ഡയറക്ടര്‍, പോലീസ് വകുപ്പില്‍ ഡി.എസ്.പി ഉള്‍പ്പെടെയുള്ള തസ്തികകളില്‍ നിയമനം നേടാനായി. അപ്പോഴും സിവില്‍ സര്‍വീസ് എന്ന മോഹം ഉപേക്ഷിക്കാന്‍ ഇളംബഹവത് തയ്യാറായിരുന്നില്ല.

തന്റെ സ്വപ്‌നം കീഴടക്കാനായി അഞ്ചുതവണ സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയെഴുതിയ ഇളംബഹവതിന് മൂന്ന് തവണ ഇന്റര്‍വ്യൂ റൗണ്ടില്‍ കടക്കാനായി. എന്നാല്‍ അപ്പോഴും പരാജയമായിരുന്നു ഫലം. ഇതോടെ പരമാവധി ശ്രമങ്ങളുടെ എണ്ണവും കഴിഞ്ഞു. പക്ഷേ അപ്പോഴും ദൈവം ഇളംബഹവതിനെ കൈവിട്ടില്ല. വിധി കേന്ദ്രസര്‍ക്കാരിന്റെ രൂപത്തില്‍ അവതരിച്ചു. 2014-ല്‍ സിവില്‍ സര്‍വീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പ്രതികൂലമായി ബാധിച്ചവര്‍ക്ക് രണ്ട് അവസരങ്ങള്‍കൂടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ 2015-ല്‍ വീണ്ടും പരീക്ഷയെഴുതിയ ഇളംബഹവത് 117-ാം റാങ്ക് സ്വന്തമാക്കി സ്റ്റേറ്റ് കേഡറില്‍ ഐ.എ.എസ് ഓഫീസറായി തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു.

റാണിപേട്ട് സബ്കളക്ടറായി 2016ല്‍ ഇളംബഹവത് ചുമതലയേറ്റു. ജനങ്ങളുടെ പ്രശ്‌നം കേള്‍ക്കാനും സങ്കടങ്ങള്‍ പരിഹരിക്കാനുമാണ് താന്‍ ഇവിടെയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ഐ.എ.എസ് മോഹം ഏത് സാധാരണക്കാരനും അന്യമല്ലന്ന് തെളിയിക്കുന്നതാണ് ഇളംബഹവതിന്റെ ജീവിത വിജയം.

കടപ്പാട്:Better India

Top