സ്വപ്നയുടെ ആരോപണം എന്തിന് ? ‘തിരക്കഥ’ പൊളിക്കാൻ കേരള പൊലീസ് !

നെറികേടിന്റെ കൂടാരമായാണ് കേരള രാഷ്ട്രീയം ഇപ്പോൾ മാറി കൊണ്ടിരിക്കുന്നത്. സാങ്കൽപ്പിക കഥകളിലെ കഥാപാത്രങ്ങളോട് എന്ന പോലെയാണ്, മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും ഉൾപ്പെടെ പ്രതിപക്ഷം ചിത്രീകരിച്ചിരിക്കുന്നത്. അതിനായി അവർ മുഖവിലക്കെടുത്തിരിക്കുന്നത്, സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെയാണ്.

മൂന്ന് മാസങ്ങൾക്കു മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങിയാണ്, സ്വപ്ന സുരേഷ് വെടി പൊട്ടിച്ചിരിക്കുന്നത്. ഇതിനു പിന്നിൽ വലിയ ഗൂഢാലോചന നടന്നു എന്നു വേണം കരുതാൻ. അനവധി ദിവസം ജയിലിൽ കിടന്നിട്ടും നിരവധി തവണ അന്വേഷണ ഉദ്യോഗസ്ഥർക്കും മജിസ്ട്രേറ്റിനും മൊഴികൾ നൽകിയിട്ടും അവിടെ പറയാത്ത കാര്യങ്ങൾ സംഘപരിവാർ നേതാക്കൾ നിയന്ത്രിക്കുന്ന സ്ഥാപനത്തിൽ ജോലിക്കു കയറിയ ശേഷം പറയുന്നതു തന്നെ ‘ഹിഡൻ അജണ്ട’ മുൻ നിർത്തിയാണ്. അങ്ങനെ മാത്രമേ ഇപ്പോഴത്തെ രഹസ്യമൊഴിയേയും വിലയിരുത്താൻ കഴിയൂ. രഹസ്യമൊഴികൾ പരസ്യമാക്കാൻ പാടുള്ളതല്ല അതും സ്വപ്ന സുരേഷ് ചെയ്തു കഴിഞ്ഞു. ഇതിനെല്ലാം പിന്നിൽ വ്യക്തമായ ‘തിരക്കഥ’ തന്നെ രൂപപ്പെട്ടിട്ടുണ്ട് എന്നു വ്യക്തം.

തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ അട്ടിമറിക്കാൻ നടക്കുന്ന ആസൂത്രിത നീക്കമാണിത്. സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ ഒരേ സമയം ഏറ്റെടുത്ത് ‘കത്തിച്ചു’ നിർത്തുന്നതിൽ ബി.ജെ.പിയും യു.ഡി.എഫുമാണ് മത്സരിക്കുന്നത്.ഇവരുടെ ആവശ്യം മുഖ്യമന്ത്രിയുടെ രാജി മാത്രമാണ്.

“മുഖ്യമന്ത്രിയുമായി തനിക്കുള്ളത് ഔദ്യോഗിക പരിചയം മാത്രമാണെന്നും കുടുംബവുമായി യാതൊരു ബന്ധവുമില്ലന്നും ജലീലുമായി ഉണ്ടായിരുന്നതും ഔദ്യോഗിക ബന്ധം മാത്രമാണെന്നും സ്വപ്ന സുരേഷ് തുറന്നു പറഞ്ഞത് മാസങ്ങൾക്ക് മുൻപാണ് . അതായത് കൃത്യമായി പറഞ്ഞാൽ ഈ കഴിഞ്ഞ FEB 5 2022 ന് മനോരമയിൽ വന്നിരുന്നാണ് അവർ ഇക്കാര്യം മൊഴിഞ്ഞിരുന്നത്. അന്നൊന്നും മുഖ്യമന്ത്രി മറന്നു വച്ചു പോയ ബാഗിൻ്റെ കഥയും ബിരിയാണി ചെമ്പുമൊന്നും ഈ സ്ത്രീ മൊഴിഞ്ഞിരുന്നില്ല. ജയിലിൽ നിന്നു പുറത്ത് വന്ന ശേഷം മുഖ്യധാരാ മാധ്യമങ്ങൾ മുതൽ സാധാരണ യൂട്യൂബ് ചാനലുകൾക്ക് വരെ അഭിമുഖം നൽകിയ സ്വപ്ന ഇപ്പോൾ മാധ്യമങ്ങൾക്കു മുന്നിൽ പറയുന്ന കാര്യങ്ങൾ എന്തു കൊണ്ട് പറഞ്ഞില്ല എന്നതും ഗൗരവമായി വിലയിരുത്തപ്പെടേണ്ടതാണ്. ഇവിടെയാണ് ‘തിരക്കഥയും’ സംശയിക്കേണ്ടി വരുന്നത്. സംഘപരിവാർ സംഘടനകൾ HRDS ഡയറക്ടറായി സ്വപ്നയെ നിയമിച്ചതിനു ശേഷമാണ് അവർ ‘സ്വപ്ന ലോകത്ത് ‘ എത്തിയിരിക്കുന്നത്. അവിടെ നിന്നാണ് മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരായ നീക്കങ്ങൾക്കും തുടക്കമായിരിക്കുന്നത്.ഈ നീക്കങ്ങൾക്ക് പി.സി ജോർജ് ഉൾപ്പെടെ ഉള്ളവർക്ക് പങ്കുള്ളതായ ഗുരുതര ആരോപണവും ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. പി.സി ജോർജിനെ സ്വപ്ന സുരേഷ് സന്ദർശിച്ച വിവരം കൈരളി ചാനലാണ് തെളിവു സഹിതം പുറത്തു വിട്ടിരുന്നത്. ഇതിനു ശേഷം സ്വപ്ന തന്നെ കണ്ട കാര്യം പി.സി ജോർജും സ്ഥിരീകരിച്ചിട്ടുണ്ട്.

“സ്വർണക്കടത്ത് കേസിൽ ഒന്നാംപ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് കറൻസി കടത്തിയതും… അതേ ബാഗിൽ തിരിച്ചുവരുമ്പോൾ സ്വർണം കടത്തിയതെന്നുമെന്നാണ് ജോർജ് ആരോപിച്ചിരിക്കുന്നത്” വിദ്വേഷ പ്രസംഗത്തിൽ തന്നെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിലുള്ള രോഷം കൂടിയാണ് ജോർജ് ഇവിടെ തീർത്തിരിക്കുന്നത്. മറ്റൊരു കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ കേരള പൊലീസ് പ്രതിയാക്കിയതിനാൽ ബി.ജെ.പിക്കും പിണറായിയോടുള്ള പക ഇപ്പോൾ കൂടുതലാണ്.

മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും പ്രഖ്യാപിത ശത്രുവായ ബി.ജെ.പി സക്കാർ കേന്ദ്രം ഭരിക്കുമ്പോൾ അവരുടെ അന്വേഷണ ഏജൻസികൾ അരിച്ചു പെറുക്കി ഒരു പങ്കുമില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ച കേസിലാണ് ഇപ്പോഴത്തെ ആരോപണമെന്നതും നാം ഓർക്കണം. ഇവിടെയാണ് ഗൂഢാലോചനയും സംശയിക്കേണ്ടത്. ഒരു മുഖ്യമന്ത്രിയെ തന്നെ കുരുക്കാൻ നടന്ന നീക്കമാണിത്. ഇതിനെതിരെ ശക്തമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. രാഷ്ട്രീയത്തിൽ എന്തുമാകാം എന്ന സ്ഥിതി സമൂഹത്തിന് നൽകുക അപകടകരമായ സന്ദേശമാണ്. ഈ പ്രവണതയ്ക്ക് മൂക്കുകയർ ഇട്ടില്ലങ്കിൽ നാളെ ആരെയും ‘കുടുക്കാം’ എന്ന അവസ്ഥയാണ് വരിക. അതുപാടില്ല. നെറികേടിന്റെ ഉത്തരേന്ത്യൻ രാഷ്ട്രീയം പ്രബുദ്ധ കേരളത്തിൽ വിലപ്പോവുകയില്ല. കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാനും വിലയിരുത്താനും കഴിവുള്ള ജനതയാണ് ഇവിടെയുള്ളത്. അതും ഓർത്തു കൊള്ളണം.

EXPRESS KERALA VIEW

 

Top