യുകെയിൽ വീണ്ടും കൊടുങ്കാറ്റ്; ‘ഇഷ’ ഇന്ന് മുതൽ ആഞ്ഞടിക്കാൻ സാധ്യത, ജാഗ്രത

ലണ്ടൻ : യുകെയിൽ മഞ്ഞും അതിശൈത്യവും വിട്ടൊഴിയും മുമ്പുതന്നെ വീണ്ടും കൊടുങ്കാറ്റിന്റെ പിടിയിലാകുന്നു. പുതിയ കൊടുങ്കാറ്റായ ഇഷ ഇന്ന് സന്ധ്യമുതൽ യുകെയിൽ ആഞ്ഞടിച്ചുതുടങ്ങും. 80 മൈൽ വേഗതയിലാകും കൊടുങ്കാറ്റ് വീശുകയെന്നാണ് എക്‌സീറ്ററിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. യുകെയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇഷ കൊടുങ്കാറ്റ് ആഞ്ഞടിക്കും എന്നതാണ് പ്രധാന പ്രത്യേകത. ഈ മാസമാദ്യം യുകെയിൽ വെള്ളപ്പൊക്കത്തിനും ഗതാഗത തടസ്സങ്ങൾക്കും കാരണമായ ഹെങ്ക് കൊടുങ്കാറ്റിന് പിന്നാലെയാണ് ഇഷ കൊടുങ്കാറ്റിന്റെ വരവ്. കനത്ത കാറ്റിലും മഴയിലും ആളുകളുടെ ജീവൻ നഷ്ടപ്പെട്ടേക്കാമെന്നും മെറ്റ് ഓഫിസ് കാലാവസ്ഥാ പ്രവചനത്തിൽ മുന്നറിയിപ്പ് നൽകുന്നു.

ഇഷ കൊടുങ്കാറ്റ് വൈകിട്ട് 6 മുതൽ ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ്, സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വീശിയടിക്കും. ആമ്പർ കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫിസ് നൽകിയിട്ടുള്ളത്. ചില പ്രദേശങ്ങളിൽ യെല്ലോ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. തീരപ്രദേശങ്ങളിൽ വലിയ തിരമാലകൾ ആഞ്ഞടിക്കും. കെട്ടിടങ്ങളുടെയും മറ്റും ഇളകിയ വസ്തുക്കൾ കാറ്റിൽ പറക്കുന്നതിനാൽ ജീവന് അപകടസാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റോഡുകളും പാലങ്ങളും അടച്ചിടും. പലയിടത്തും വൈദ്യുതി മുടങ്ങാനുള്ള സാധ്യത ഏറെയാണ്. റെയിൽ, ബസ് സർവീസുകൾക്ക് കാലതാമസവും റദ്ദാക്കലും നേരിടേണ്ടിവരും. ആംബർ മുന്നറിയിപ്പുകളിൽ ആദ്യത്തേത് സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ്, വെയിൽസ്, വടക്കൻ ഇംഗ്ലണ്ട്, തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിലായി ഇന്ന് വൈകിട്ട് 6 മുതൽ തിങ്കളാഴ്ച രാവിലെ 9 വരെയാണ് നിലവിൽ ഉള്ളത്

കൊടുങ്കാറ്റിനൊപ്പം വരുന്ന കനത്ത മഴ ഈ ആഴ്ച വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇംഗ്ലണ്ടിൽ, ശനിയാഴ്ച വൈകുന്നേരം വരെ വെള്ളപ്പൊക്കം പ്രതീക്ഷിക്കുന്ന എട്ട് വെള്ളപ്പൊക്ക മുന്നറിയിപ്പുകളും വെള്ളപ്പൊക്ക സാധ്യതയുള്ള 52 വെള്ളപ്പൊക്ക മുന്നറിയിപ്പുകളും പരിസ്ഥിതി ഏജൻസി നൽകിയിട്ടുണ്ട്. യുകെയുടെ ചില ഭാഗങ്ങളിൽ ദിവസങ്ങളോളം തണുത്തുറഞ്ഞ താപനിലയ്ക്കും മഞ്ഞുവീഴ്ചയ്ക്കും ശേഷം, വാരാന്ത്യത്തിന്റെ അവസാനത്തോടെ ഉയർന്ന താപനില പ്രതീക്ഷിക്കുന്നു. എന്നാൽ കാറ്റ് കാരണം കൂടുതൽ ചൂട് അനുഭവപ്പെടില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top