രാമായണ, മഹാഭാരത കഥകള്‍ തന്റെ മനസ്സില്‍ ഇന്ത്യയ്ക്ക് പ്രത്യേകസ്ഥാനം നല്‍കി; ഒബാമ

വാഷിങ്ടണ്‍: രാമായണത്തിലേയും മഹാഭാരതത്തിലേയും ഇതിഹാസ കഥകള്‍ കുട്ടിക്കാലത്ത് സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്നതിനാല്‍ തന്റെ ഹൃദയത്തില്‍ ഇന്ത്യ ഒരു പ്രത്യേകസ്ഥാനം കയ്യടക്കിയിരുന്നതായി അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘എ പ്രോമിസ്ഡ് ലാന്‍ഡി’ലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ വലിപ്പക്കൂടുതലോ ലോകജനസംഖ്യയുടെ ആറിലൊന്ന് ഉള്‍ക്കൊള്ളുന്നതിന്റെയോ രണ്ടായിരത്തോളം വൈവിധ്യമാര്‍ന്ന ഗോത്രങ്ങളുള്ളതിന്റെയോ അല്ലെങ്കില്‍ എഴുനൂറോളം ഭാഷകള്‍ ഇന്ത്യയിലെ ജനങ്ങള്‍ സംസാരിക്കുന്നതോ ആയിരിക്കാം ഇന്ത്യ തന്റെ മനസിലിടം നേടിയതിന് പിന്നിലെന്ന് ഒബാമ പുസ്തകത്തില്‍ പറയുന്നു. 2010-ല്‍ യു.എസ്. പ്രസിഡന്റ് എന്ന നിലയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് കാലങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ ചിന്തകളില്‍ ഇന്ത്യ സ്ഥാനം പിടിച്ചിരുന്നതായും അദ്ദേഹം പറയുന്നു.

ഇന്തോനേഷ്യയിലായിരുന്ന കുട്ടിക്കാലത്ത് കേട്ടിരുന്ന രാമായണ-മഹാഭാരത കഥകളോ പൂര്‍വദേശങ്ങളിലെ മതങ്ങളിലുണ്ടായിരുന്ന താത്പര്യമോ ദാലും കീമയും പാകം ചെയ്യാന്‍ പഠിപ്പിച്ച, ബോളിവുഡ് സിനിമകളോട് ആവേശമുണര്‍ത്തിയ പാകിസ്താനില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള കോളേജ് സൗഹൃദങ്ങളോ തനിക്ക് ഇന്ത്യയോടുള്ള ഇഷ്ടത്തിന് പിന്നിലുള്ള കാരണങ്ങളാവാമെന്നും ഒബാമ പുസ്തകത്തില്‍ കുറിക്കുന്നു.

Top