വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കുന്നത് രാജ്യത്തെ പ്രതികൂലമായി ബാധിക്കും; അബ്ദുറഹിമാൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് മന്ത്രി അബ്ദുറഹിമാന്‍. ഒരു സര്‍ക്കാരിനും അത്തരമൊരു കാര്യം ആവശ്യപ്പെടാനാകില്ല. വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണുള്ളത്. രാജ്യ താത്പര്യത്തെ എതിര്‍ക്കുന്ന സമരം പാടില്ലെന്നും ചര്‍ച്ചകളുടെ സമയം കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ചുകൊണ്ടുള്ള പഠനം എന്ന ആവശ്യത്തെയാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2015ല്‍ കാരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് തന്നെ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഇപ്പോഴത്തെ സമരസമിതിയിലുള്ളവരുടെ തന്നെ അറിവോടെയാണ് അന്ന് കരാറില്‍ ഏര്‍പ്പെട്ടതെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

‘വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി ഇതിനോടകം കോടിക്കണക്കിന് രൂപ മുടക്കിയിട്ടുണ്ട്. ഇതിന് ആര് സമാധാനം പറയും?. സമരക്കാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. കോടതിയില്‍ നിന്ന് അന്തിമ വിധി വന്നാല്‍ അതിനനുസരിച്ച് നടപടിയെടുക്കാം. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. തിരുവനന്തപുരം മുട്ടത്തറയില്‍ മാത്രം 300 വീടുകള്‍ ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും. ആകെ 500 വീടുകള്‍ പണിയും.’ വിഴിഞ്ഞത്തെ 180 കുടുംബങ്ങള്‍ സര്‍ക്കാര്‍ സഹായം സ്വീകരിച്ച് വാടക വീടുകളിലേക്ക് മാറിയെന്നും മന്ത്രി പറഞ്ഞു.

Top