പുകവലി തടഞ്ഞു; ദില്ലിയിൽ സ്റ്റേഷനറി കട ജീവനക്കാരന് നേരെ അജ്ഞാതൻ വെടിയുതിർത്തു

ഗുരു​ഗ്രാം: ദില്ലി ​ഗുരു​ഗ്രാമിലെ ഒരു സ്റ്റേഷനറി കടയിൽ അജ്ഞാതൻ ജീവനക്കാരന് നേരെ വെടിയുതിർത്തു. കടയിൽ വെച്ച് സിഗരറ്റ് വലിക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് അജ്ഞാതൻ വെടിയുതിർത്തത്. വെള്ളിയാഴ്ച പുലർച്ചെ 4 മണിയോടെ ഗുരു​ഗ്രാം സെക്ടർ 22ലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കടയിലാണ് സംഭവമുണ്ടായത്.

കൈയ്യിൽ ഒരു സിഗരറ്റുമായാണ് ഇയാൾ കടയിൽ എത്തിയത്. കടയ്ക്കകത്ത് പുകവലിക്കരുതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ ആവശ്യപ്പെട്ടു. അപ്പോൾ ഇയാൾ ജീവനക്കാരെ അധിക്ഷേപിച്ചുവെന്നും പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. ജീവനക്കാരെ ശകാരിക്കുകയും കടയ്ക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന തന്റെ വാഹനത്തിലേക്ക്, വാങ്ങിയ സാധനങ്ങൾ വയ്ക്കാൻ ആരെങ്കിലും തന്നോടൊപ്പം വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് സെക്യൂരിറ്റി മാനേജർ രൂപേന്ദ്ര സിംഗ് പറഞ്ഞു. സാധനങ്ങൾ വാഹനത്തിൽ വയ്ക്കുമ്പോൾ പെട്ടെന്ന് പിസ്റ്റൾ നിറയ്ക്കാൻ തുടങ്ങിയ ഇയാൾ സ്റ്റോർ അസോസിയേറ്റ് ആയ ആഷിഷിന് നേരെ വെടിയുതിർക്കുകയായിരുന്നു. പുകവലിക്കരുതെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. ഇയാൾ ഉടൻ തന്നെ വാഹനത്തിൽ കയറി രക്ഷപ്പെടുകയും ചെയ്തു.

ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം) പ്രകാരം പാലം വിഹാർ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. നടന്ന സംഭവങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്നും വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അശോക് കുമാർ പറഞ്ഞു. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top