അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഛത്തീസ്ഗഢിലെ മുഖ്യമന്ത്രി ആര് എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകും

ഡല്‍ഹി: ഛത്തീസ്ഗഢിലെ മുഖ്യമന്ത്രി ആര് എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. മുഖ്യമന്ത്രി ആരാകണം എന്ന് തീരുമാനിക്കാന്‍ വേണ്ടി കേന്ദ്ര നേതൃത്വം ഛത്തീസ്ഗഢില്‍ നിയോഗിച്ച നിരീക്ഷകര്‍ അവസാനഘട്ടത്തില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. നിരീക്ഷകരായ ദുഷ്യന്ത് ഗൗതം, സര്‍ബനന്ദ സൊനോവാള്‍, അരുണ്‍ മുണ്ട എന്നിവര്‍ റായ്പുരില്‍വെച്ച് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

എംഎല്‍എമാരുടെ യോഗവും ഇന്ന് നടക്കുന്നുണ്ട്. ഇന്ന് തന്നെ ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി ആര് എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. ഛത്തീസ്ഗഢില്‍ ഇന്ന് തീരുമാനമുണ്ടായാലും മധ്യപ്രദേശിലും രാജസ്ഥാനിലും മുഖ്യമന്ത്രിമാരെ കണ്ടെത്തുന്നതിലുള്ള അനിശ്ചിതത്വം തുടരുമെന്നാണ് സൂചനകള്‍. മധ്യപ്രദേശില്‍ തിങ്കളാഴ്ചയും നിയമസഭാകക്ഷി യോഗം ചേരുന്നുണ്ട്. വസുന്ധര രാജെ മുഖ്യമന്ത്രി പദത്തിനായി സമ്മര്‍ദം തുടരുന്നസാഹചര്യത്തില്‍ രാജസ്ഥാനിലെ യോഗം സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ കണ്ടെത്താന്‍ പാര്‍ട്ടി കേന്ദ്രനിരീക്ഷകരെ നിയോഗിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിമാരെ ആര്‍.എസ്.എസുമായി ചര്‍ച്ചചെയ്ത് ബി.ജെ.പി. കേന്ദ്രനേതൃത്വം തീരുമാനിക്കുകയും നിയമസഭാകക്ഷി യോഗങ്ങളില്‍ പേരുകള്‍ പ്രഖ്യാപിക്കലുമാണ് പതിവുരീതി. എന്നാല്‍, ഇക്കുറി രാജസ്ഥാനില്‍ വസുന്ധരയുടെ നിലപാട് കേന്ദ്രനേതൃത്വത്തിന് കീറാമുട്ടിയാണ്. അതിനാല്‍ രാജസ്ഥാനിലെ തീരുമാനം അനുസരിച്ചായിരിക്കും മറ്റുരണ്ടു സ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ നിശ്ചയിക്കുക.

മൂന്നിലൊരിടത്ത് വനിതാ മുഖ്യമന്ത്രിയായിരിക്കും. രാജസ്ഥാനില്‍ വസുന്ധര മുഖ്യമന്ത്രിയായില്ലെങ്കില്‍ ഇത്തവണ ഛത്തീസ്ഗഢില്‍ വനിതാ മുഖ്യമന്ത്രി സത്യപ്രതിജ്ഞചെയ്യും. കേന്ദ്രമന്ത്രി രേണുകാ സിങ്, മുന്‍ സംസ്ഥാനമന്ത്രി ലതാ ഉസേന്‍ഡി, ഗോമതി സായി തുടങ്ങിയവരുടെ പേരുകളാണ് പരിഗണിക്കുന്നത്. വനിതാ മുഖ്യമന്ത്രിയല്ലെങ്കില്‍, മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ഒ.പി. ചൗധരി, ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ അരുണ്‍ സാഹു എന്നിവരുടെ പേരുകളാണ് ചര്‍ച്ചയില്‍ സജീവം.

Top