stop obsessing over PM: BJP to Kejriwal

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വിമര്‍ശിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിന് ബി.ജെ.പിയുടെ മറുപടി. കാരണമൊന്നുമില്ലാതെ എപ്പോഴും പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കെജ്രരിവാളിനോട് ബി.ജെ.പി ആവശ്യപ്പെട്ടു.

പാര്‍ലമെന്ററി സെക്രട്ടറിമാരുടെ നിയമനം സാധുവാക്കുന്ന ബില്‍ തള്ളിയ രാഷ്ട്രപതിയെ വിമര്‍ശിക്കുന്നത് പ്രസിഡന്റിന്റെ ഓഫിസിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നല്‍കി.

തന്റെ ആഗ്രഹങ്ങളെല്ലാം തകര്‍ക്കപ്പെട്ടതിന്റെ നിരാശയിലാണ് കെജ്രരിവാള്‍. പ്രസിഡന്റിന്റെ തീരുമാനത്തെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും ബി.ജെ.പി വക്താവ് സാമ്പിത് പത്ര പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷന്‍, രാഷ്ട്രപതി എന്നീ സ്ഥാനങ്ങള്‍ സ്വതന്ത്ര സ്ഥാപനങ്ങളാണ്. താങ്കളുടെ രാഷ്ട്രീയ ആഗ്രഹങ്ങള്‍ക്ക് വേണ്ടി സമുന്നതമായ ഈ സ്ഥാപനങ്ങളെ കളങ്കപ്പെടുത്തരുത്.

ഇതുവഴി താങ്കള്‍ ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെയാണ് താറടിച്ച് കാണിക്കുന്നതെന്നും സാമ്പിത് പത്ര കുറ്റപ്പെടുത്തി.

2015 മാര്‍ച്ചിലാണ് കെജ്രിവാള്‍ 21 എം.എല്‍.എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. ഇതിനെതിരെ ബി.ജെ.പിയും കോണ്‍ഗ്രസും രാഷ്ട്രപതിക്ക് പരാതി നല്‍കി.

എം.എല്‍.എമാര്‍ പ്രതിഫലമുള്ള ഇരട്ടപ്പദവി വഹിച്ചെന്നായിരുന്നു പരാതി. ഇത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമീഷന് കൈമാറി. ഇതില്‍ കമീഷന്‍ എം.എല്‍.എമാരോട് വിശദീകരണം ചോദിച്ചതോടെ ഡല്‍ഹി സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തി ബില്‍ കൊണ്ടുവരികയായിരുന്നു.

ഈ ബില്ലാണ് കഴിഞ്ഞദിവസം രാഷ്ട്രപതി തള്ളിയത്. ഇതോടെ പാര്‍ലമെന്റ് സെക്രട്ടറിമാരായി നിയമിക്കപ്പെട്ട 21 എം.എല്‍.എമാര്‍ അയോഗ്യരാകുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. തീരുമാനമെടുക്കാനായി രാഷ്ട്രപതി വിഷയം തെരഞ്ഞെടുപ്പ് കമീഷന് വിട്ടിരിക്കുകയാണ്.

Top