ബംഗാളില്‍ ഒരു വിമാനം പോലും ഇറങ്ങരുത്; പ്രധാനമന്ത്രിക്ക് കത്തയച്ച് മമതാ ദീദി

mamata

രാജ്യത്തെ ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ ഇപ്പോഴും തടസ്സമില്ലാതെ തുടരാന്‍ അനുവദിക്കുന്നത് എന്തിനാണെന്ന ചോദ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംസ്ഥാനത്ത് വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് നിര്‍ത്തലാക്കാനും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു. ബംഗാള്‍ സര്‍ക്കാര്‍ സംസ്ഥാനം അടച്ചുപൂട്ടല്‍ നടപ്പാക്കുകയാണെന്ന് മമതാ ബാനര്‍ജി പ്രധാനമന്ത്രിയെ അറിയിച്ചു.

ഇതുകൂടാതെ പുതിയ കൊറോണാവൈറസിനെ പ്രതിരോധിക്കാന്‍ നിരവധി കഠിനമായ നടപടികളും സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്തര്‍സംസ്ഥാന ഗതാഗതം നിര്‍ത്തലാക്കി, റോഡുകള്‍ അടച്ചുപൂട്ടിയതോടൊപ്പം റെയില്‍വെയുടെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ വിമാനങ്ങള്‍ തുടര്‍ന്നും സംസ്ഥാനത്ത് വന്നിറങ്ങുന്നത് കൊറോണാവൈറസ് പടരുന്നത് തടയുന്നതിന് വിഘാതം സൃഷ്ടിക്കുകയാണെന്ന് മമത കത്തില്‍ ചൂണ്ടിക്കാണിച്ചു.

അടച്ചുപൂട്ടലിന് വിലങ്ങുതടിയായി വിമാനങ്ങള്‍ തുടര്‍ന്നു യാത്ര തുടരാന്‍ അനുവദിക്കുന്നതില്‍ ഏറെ ആശങ്കയുണ്ട്. സംസ്ഥാനത്ത് പാടുപെട്ട് നടപ്പാക്കുന്ന സാമൂഹിക അകലം പോലുള്ള പ്രോട്ടോകോളുകള്‍ ഇതില്‍ പാലിക്കപ്പെടുന്നില്ല, മമതാ ബാനര്‍ജി പ്രധാനമന്ത്രിയെ അറിയിച്ചു. അടിയന്തരമായി സംസ്ഥാനത്ത് ഇറങ്ങുന്ന വിമാനങ്ങള്‍ റദ്ദാക്കാന്‍ നടപടി വേണമെന്നാണ് അവര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നത്.

ബംഗാളില്‍ സ്ഥിരീകരിച്ച കേസുകള്‍ കേവലം 7 ആയപ്പോഴാണ് അടച്ചുപൂട്ടല്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ദിനത്തില്‍ ബംഗാളിലെ ആളുകള്‍ പൊതുസ്ഥലങ്ങള്‍ ഒഴിവാക്കി വീടുകളില്‍ തുടര്‍ന്നിരുന്നു. മാര്‍ച്ച് 27 വരെയാണ് നിലവില്‍ അടച്ചുപൂട്ടല്‍ തീരുമാനിച്ചിരിക്കുന്നത്.

Top