മാഹിയില്‍ വന്ദേ ഭാരതിന് നേരെ കല്ലേറ്; ഒരാള്‍ ആര്‍പിഎഫിന്റെ കസ്റ്റഡിയില്‍

വടകര: മാഹിയില്‍ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ ആര്‍പിഎഫിന്റെ കസ്റ്റഡിയില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ ആര്‍പിഎഫ് ചോദ്യം ചെയ്യുകയാണ്. തലശ്ശേരിക്കും മാഹിക്കും ഇടയില്‍വെച്ചുണ്ടായ കല്ലേറില്‍ സി എട്ട് കോച്ചിന്റെ ചില്ലുകളാണ് തകര്‍ന്നത്. പൊട്ടിയ ചില്ല് അകത്തേക്ക് തെറിച്ചുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറിന് ഉച്ചയ്ക്ക് 2.30 നാണ് കാസര്‍ഗോഡ് നിന്നും ട്രെയിന്‍ പുറപ്പെട്ടത്. 3.43 നും 3.49 നും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. നല്ല ശബ്ദത്തോടെയാണ് ചില്ലു തകര്‍ന്നതെന്നും യാത്രക്കാര്‍ പറഞ്ഞു.

രാജ്യത്ത് ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണം ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലെന്ന് റെയില്‍വേ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ ട്രെയിന്‍ സര്‍വീസുകള്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടുന്നതായിരുന്നു റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് നല്‍കിയ റിപ്പോര്‍ട്ട്. വന്ദേ ഭാരത് ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ക്കുനേരെ സമീപകാലത്ത് ആക്രമണം വര്‍ദ്ധിക്കുന്നത് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ശരിവെക്കുന്നു. വന്ദേ ഭാരത് ട്രെയിനിന് നേരെ മൂന്ന് തവണയാണ് ആക്രമണം ഉണ്ടായത്.

Top