രാജ്യാന്തര വിപണികളിലെ സമ്മർദ്ദം; ആഭ്യന്തര വിപണി ഇന്നും വീണു

ഇന്നും രാജ്യാന്തര വിപണി സമ്മർദ്ദത്തിൽ നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി തിരിച്ചു കയറിയെങ്കിലും ലാഭമെടുക്കലിൽ വീണ്ടും വീണു. അമേരിക്കൻ ഫ്യൂച്ചറുകളുടെ വീഴ്ചയും, യൂറോപ്യൻ വിപണിയുടെ നഷ്ടത്തിലുള്ള തുടക്കവും, നാളത്തെ എഫ്&ഓ ഇഫക്ടും വിപണിയുടെ തിരുത്തലിന് കാരണമായി. ബാങ്കിങ് സെക്ടറിന്റെയും അദാനി ഓഹരികളിലെയും തിരുത്തലും വിപണിക്ക് നിർണായകമായി.

അമേരിക്കൻ വിപണിക്ക് പിന്നാലെ ഇന്ന് യൂറോപ്യൻ വിപണികളും നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചതും ഇന്ന് ഇന്ത്യൻ വിപണിയുടെ മുന്നേറ്റം തടസപ്പെടുത്തി. ജർമൻ, ഫ്രഞ്ച്, ബ്രിട്ടീഷ് വിപണികൾ ഒന്നേമുക്കാൽ ശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബ്രിട്ടീഷ് പണപ്പെരുപ്പം വിപണി പ്രതീക്ഷിച്ച നിരക്കിലേക്ക് കുറഞ്ഞില്ലെങ്കിലും മുൻ മാസത്തിൽ നിന്നും വളർച്ച ശോഷണം കുറിച്ചത് അനുകൂലമാണ്.

ഇന്ന് അമേരിക്കൻ വിപണി സമയത്തിന് ശേഷം വരാനിരിക്കുന്ന ഫെഡ് റിസർവിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനുട്സ് വരാനായി കാത്തിരിക്കുകയാണ് ലോക വിപണി. ഫെഡ് നിരക്ക് വർദ്ധന പിൻവലിച്ചേക്കാമെന്ന സൂചന അമേരിക്കൻ ‘’കടമെടുക്കൽ പരിധി ഉയർത്തൽ നാടകത്തിന്റെ’’ തീവ്രത തൽക്കാലത്തേക്ക് കുറച്ചേക്കാം. ഫെഡ് മിനുട്സ് നാളെ ഏഷ്യൻ വിപണികളെയും സ്വാധീനിക്കും.

ക്രൂഡ് ഓയിലിന്റെ ആവശ്യകത വർദ്ധിക്കുന്നു എന്ന സൂചനകളും, ഈ മാസത്തിൽ തന്നെ ഒപെകിന്റെ ഉല്പാദന നിയന്ത്രണം നിലവിൽ വരുന്നതും ക്രൂഡ് ഓയിലിന് അനുകൂലമായി. ബ്രെന്റ് ക്രൂഡ് ഓയിൽ 77 ഡോളറിന് മുകളിൽ വ്യാപാരം തുടരുന്നു. ഫെഡ് മിനുട്സും, ഡെറ്റ് സീലിങ് ചർച്ചകളും ക്രൂഡിന് നിർണായകമാണ്.

അദാനി എന്റർപ്രൈസസും, എച്ച്ഡിഎഫ്സി ഇരട്ടകളും, റിലയൻസും നഷ്ടം കുറിച്ചതാണ് ഇന്ത്യൻ സൂചികകൾക്ക് ഇന്ന് തിരുത്തൽ നൽകിയത്. 18400 പോയിന്റ് കടക്കാനാകാതെ തിരിച്ചിറങ്ങിയ നിഫ്റ്റി ഇന്ന് 18260 പോയിന്റിൽ പിന്തുണ നേടിയ ശേഷം 18285 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. 18260, 18180 പോയിന്റുകളിലെ പിന്തുണകൾ നാളെ നിഫ്റ്റിക്ക് നിർണായകമാണ്. 18380 പോയിന്റിലും, 18440 പോയിന്റിലും നിഫ്റ്റി നിർണായക റെസിസ്റ്റൻസുകളും നേരിട്ടേക്കാം. എഫ്&ഓ ക്ളോസിങ് എഫക്റ്റ് നാളെയും വിപണി പ്രതീക്ഷിക്കുന്നു.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിലെ ലാഭമെടുക്കൽ ഇന്ന് ബാങ്ക് നിഫ്റ്റിക്ക് 44000 കടന്ന് മുന്നേറുന്നതിന് തടസമായി. 276 പോയിന്റ്കൾ നഷ്ടമായി 43677 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റിക്ക് നാളെ 43600 പോയിന്റിലെ പിന്തുണയും നിർണായകമാണ്. 43980 പോയിന്റിലും, 44100 പോയിന്റിലും ബാങ്ക് നിഫ്റ്റി റെസിസ്റ്റൻസുകൾ നേരിട്ടേക്കാം.

ഇമാമി, പേജ് ഇൻഡസ്ട്രീസ്,ഭാരത് ഡൈനാമിക്സ്, ബാൽമെർ ലോറി, ജിഎസ്എഫ്സി, ഐആർഎഫ്സി, ജിഐസി, ഐഎഫ്സിഐ , ഐഇഎക്സ്, ഐഡിയ, സീ, റാഡിക്കോ ഖൈതാൻ, ഗ്ലോബസ് സ്പിരിറ്റ്സ്, ബെക്റ്റർ ഫുഡ്സ്, ഹെറിറ്റേജ് ഫുഡ്, ടിടികെ പ്രസ്റ്റീജ്, വോൾട്ടാമ്പ്, പോകാർന, എക്‌സ്‌ചെഞ്ചിങ്, എച്ച്ബിഎൽ പവർ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

തുടർച്ചയായ ഓർഡറുകളുടെ പിൻബലത്തിൽ സുസ്‌ലോൺ ജനുവരിക്ക് ശേഷം വീണ്ടും 10 രൂപ കടന്നു. ടോറന്റ് പവറിന്റെ 300 മെഗാ വാട്ട് വിൻഡ് പവർ പ്ലാന്റ് ഓർഡർ ഓഹരിക്ക് ഇന്ന് 8% വരെ മുന്നേറ്റം നൽകി. അടുത്ത ആഴ്ച റിസൾട്ട് പ്രഖ്യാപിക്കുന്ന ഓഹരിയിലെ അടുത്ത തിരുത്തൽ അവസരമാണ്.

Top