കനത്ത വില്പന സമ്മര്‍ദത്തില്‍ കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി

നത്ത വില്പന സമ്മര്‍ദത്തില്‍ കുത്തനെ ഇടിഞ്ഞ് ഓഹരി വിപണി. സെന്‍സെക്‌സിന് 1000 പോയന്റ് നഷ്ടമായതോടെ 71,000 നിലവാരത്തിന് താഴെയെത്തി. നിഫ്റ്റിയാകട്ടെ ഒരു ശതമാനത്തിലേറെ തകര്‍ന്ന് 21,300ലും. മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ക്കും മൂന്നു ശതമാനം വരെ നഷ്ടമായി. ഇതോടെ നിക്ഷേപകരുടെ സമ്പത്തില്‍നിന്ന് എട്ട് ലക്ഷം കോടിയിലേറെ അപ്രത്യക്ഷമായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 366 ലക്ഷം കോടിയായി താഴ്ന്നു.

ബാങ്ക്, എഫ്എംസിജി, ലോഹം തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് തകര്‍ച്ച നേരിട്ടത്. ഐടി, ഫാര്‍മ ഓഹരികളില്‍ മാത്രമാണ് വാങ്ങല്‍ താല്‍പര്യം പ്രകടമായത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളിലെ തകര്‍ച്ചയാണ് നിഫ്റ്റിയിലെ പകുതിയോളം ഇടിവിന് കാരണമായത്.

രാജ്യത്തെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്ഡിഎഫ്‌സിയുടെ ഓഹരി വിലയില്‍ മൂന്ന് ശതമാനമാണ് ഇടിവുണ്ടായത്. പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന ഡിസംബര്‍ പാദത്തിലെ പ്രവര്‍ത്തനഫലമാണ് ബാങ്കിനെ ബാധിച്ചത്. വില താഴ്ന്നിട്ടും ഓഹരിയില്‍ നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിക്കാതിരുന്നത് കൂടുതല്‍ തകര്‍ച്ചക്ക് കാരണമായി. ഐഡിഎഫ്‌സി ബാങ്കിന്റെ ഓഹരി 6.5 ശതമാനം താഴന്നു. ഇന്‍ഡസിന്‍ഡ് ബാങ്ക്, പിഎന്‍ബി, എസ്ബിഐ തുടങ്ങിയ ഓഹരികളും തകര്‍ച്ച നേരിട്ടു. നിഫ്റ്റി ബാങ്ക് സൂചിക രണ്ട് ശതമാനമാണ് ഇടിഞ്ഞത്.

രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി നേരിട്ടത് രണ്ട് ശതമാനം ഇടിവാണ്. ചൊവാഴ്ചയിലെ സൂചികകളുടെ തകര്‍ച്ചക്ക് പ്രധാനകാരണമായതും റിലയന്‍സിന്റെ തകര്‍ച്ചയാണ്. ഐഒസി, എച്ച്പിസിഎല്‍, അദാനി ടോട്ടല്‍ ഗ്യാസ്, ഓയില്‍ ഇന്ത്യ, ഒഎന്‍ജിസി, ബിപിസിഎല്‍ തുടങ്ങിയ ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗം ഓഹരികള്‍ 4-5 ശതമാനം ഇടിവ് നേരിട്ടു.

രണ്ടു മാസത്തെ തുടര്‍ച്ചയായ നിക്ഷേപത്തിനു ശേഷം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വീണ്ടും അറ്റ വില്പനക്കാരായി. 13,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ജനുവരിയില്‍ മാത്രം ഇവര്‍ വിറ്റൊഴിഞ്ഞത്.

വിപണി ഉയര്‍ന്ന മൂല്യത്തില്‍ തുടരുന്നതിനാല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉയര്‍ന്ന മൂല്യം വകവെയ്ക്കാതെ ചെറുകിട നിക്ഷേപകര്‍ വിപണിയില്‍ ഇടപെടുന്നതിലാണ് അവര്‍ ആശങ്ക അറിയിച്ചത്. മൂന്നു മാസത്തിനിടെ നിഫ്റ്റി ഒമ്പത് ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. മിഡ്-സ്‌മോള്‍ ക്യാപ് സൂചികകളാകട്ടെ 18 ശതമാനവും. അനിവാര്യമായ തകര്‍ച്ചയാണ് വിപണിയില്‍ ചൊവാഴ്ച പ്രത്യക്ഷമായത്.

Top